കോട്ടയം: തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞതിന് അറസ്റ്റിലായ റോബിൻ ജോർജ് (28). തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് മാധ്യമങ്ങളോടു പറഞ്ഞത്.
കഴിഞ്ഞ ദിവസം ഇവിടെ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം, റോബിൻ വാടകയ്ക്ക് എടുത്തിരുന്ന കുമാരനല്ലൂർ വല്യാലിൻചുവടിലെ പരിശീലനകേന്ദ്രത്തിൽനിന്നു 17.8 കിലോ കഞ്ചാവു പിടികൂടിയിരുന്നു.
‘‘അനന്തു പ്രസന്നൻ എന്ന എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനാണ് കഞ്ചാവ് ബാഗ് ഇവിടെ കൊണ്ടുവന്ന് വച്ചത്. എന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്. അവൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല’’ – റോബിൻ മാധ്യമങ്ങളോടായി പറഞ്ഞു.
കോട്ടയം പൂവൻതുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നൻ എന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, റോബിന്റെ ആരോപണം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. റോബിനെതിരെ മുൻപും കഞ്ചാവു കേസുകൾ നിലവിലുള്ള സാഹചര്യത്തിലാണിത്.
ഞായറാഴ്ച പുലർച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റിൽ ചാടി രക്ഷപ്പെട്ട റോബിനെ, ഇന്നലെ രാത്രിയോടു കൂടിയാണ് തമിഴ്നാട്ടിലെ തെങ്കാശിക്കു സമീപം ഒരു കോളനിയിൽനിന്നും പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു.
റോബിന്റെ പിതാവ് തട്ടുകട നടത്തുന്നയാളാണ്. തട്ടുകയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് അവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് റോബിൻ നൽകിയിരിക്കുന്ന മൊഴി. ഉച്ചയോടെ റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.
കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വ്യക്തമാക്കിയിരുന്നു. ആഴ്ചകൾക്കു മുൻപ് അന്വേഷണത്തിന് എത്തിയ എക്സൈസ് സംഘത്തിനു നേരെയും നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാൾ കടന്നത്. ഗേറ്റിനു പുറത്ത് എക്സൈസ് സംഘത്തിന്റെ വാഹനം കണ്ടതോടെ ഇയാൾ നായ്ക്കളെ അഴിച്ചുവിട്ടു. ഇതോടെ എക്സൈസ് സംഘം മടങ്ങി.