ഡമ്മി തോക്കും കുരുമുളക് സ്പ്രേയുമായി കവർച്ചാ സംഘം തൃശ്ശൂരില്‍ പോലീസിന്‍റെ പിടിയിൽ

തൃശൂർ:ഡമ്മി തോക്കും കുരുമുളക് സ്പ്രേയുമായി കവർച്ചാ സംഘം തൃശ്ശൂരില്‍ പോലീസിന്‍റെ പിടിയിലായി.തൃശൂരിലെ ബാർ ഹോട്ടലിൽ ഈസ്റ്റ് പോലീസും ഷാഡോ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവർച്ച സംഘം അറസ്റ്റിലായത്.

ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.തൃശ്ശൂര്‍ പൂമല സ്വദേശികളായ തെറ്റാലിക്കൽ ജസ്റ്റിൻ ജോസ്, വട്ടോളിക്കൽ സനൽ, അത്താണി സ്വദേശി ആറ്റത്തറയിൽ സുമോദ് , വടക്കാഞ്ചേരി കല്ലമ്പ്ര സ്വദേശി മണലിപറമ്പിൽ ഷിബു എന്നിവരാണ് പിടിയിലായത്.

പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് ഒരാൾ ഓടിരക്ഷപ്പെട്ടു. ഇവരിൽ നിന്നും ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്പ്രേ, യഥാർത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് എന്നിവ കണ്ടെടുത്തു.

അറസ്റ്റിലായവര്‍ക്കെതിരെ വടക്കാഞ്ചേരി, വിയ്യൂർ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.

പ്രതികള്‍ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് കവര്‍ച്ചക്കായി പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News