27.8 C
Kottayam
Friday, May 31, 2024

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു

Must read

കാസര്‍കോട്: ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.

പ്രതികളെ വെറുതെവിട്ടു എന്ന ഒറ്റവരിയിലാണ് കേസില്‍ കോടതി ശനിയാഴ്ച വിധിപറഞ്ഞത്. അതേസമയം, സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ചൂരി മദ്രസയിലെ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു. രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.

കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു.  90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്.

അതേസമയം വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week