നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി നടി പാര്‍വതി തിരുവോത്ത് രംഗത്ത് വന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോഴിതാ, പഴയ കസബ വിവാദം ഓര്‍മിപ്പിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്ത്. മമ്മൂട്ടി ആ റോള്‍ ചെയ്തത് കൊണ്ടാണല്ലോ കസബ വിഷയം അത്ര വലിയ പ്രശ്‌നമായതെന്ന് റിമ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ചോദിച്ചു.
‘മമ്മൂക്കയെ അത്രയധികം ആളുകള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ആളുകളെ സ്വാധീനിക്കും എന്നുള്ളത് കൊണ്ടാണല്ലോ ചൂണ്ടിക്കാണിക്കുന്നത്. അല്ലാതെ ഒരാളോടുള്ള വ്യക്തിവൈരാഗ്യം അല്ലാലോ. ഇവിടുത്തെ സിനിമ മേഖലയിലെ രീതികള്‍ മാറണം. ഞങ്ങള്‍ ഇത്രയും കാലമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയുടെ ഫലങ്ങള്‍ അവിടെ വരണമെന്നാണ് വിചാരിക്കുന്നത്. വ്യക്തിപരമായി എന്നതിലുപരി ആര്‍ട്ടിസ്റ്റുകള്‍ക്കും സൂപ്പര്‍ സ്റ്റാറുകള്‍ക്കും ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെ വലുതാണ്’, റിമ പറയുന്നു.
പത്ത് പേര് കൂടിയാണ് ഒരു ഇന്‍ഡസ്ട്രിയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. ‘സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വളരെ പ്രധാന്യത്തോടെ സംസാരിക്കുന്ന ഒരു സര്‍ക്കാറാണ് ഇവിടുള്ളത്. ഞങ്ങള്‍ പോയി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 34 ലക്ഷമോ മറ്റോ ചിലവാക്കി ഒരു കമ്മീഷന്‍ രൂപീകരിച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കി, എന്നാല്‍ ഇത്രയും കാലമായിട്ട് അതില്‍ മൊഴി നല്‍കിയവര്‍ക്ക് പോലും ഒരു കോപ്പി നല്‍കുന്നില്ല. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ആദ്യമുണ്ടായിരുന്ന സ്വീകാര്യതയല്ല ഇപ്പോള്‍ ഉണ്ടാവുന്നത്.
ഹേമ കമ്മീഷന്റെ പാനലില്‍ ഉണ്ടായിരുന്ന ആളുകള്‍ തന്നെ ഇപ്പോള്‍ വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എത്ര സ്ത്രീകള്‍ ഈ കമ്മീഷന് മുന്നില്‍ സമയം ചിലവഴിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും നമ്മള്‍ പറയുകയും അത് അവര്‍ എഴുതിയെടുത്ത് വായിച്ച് കേള്‍പ്പിക്കുകയും ചെയ്യണം. ഇത്രയധികം സമയം നമ്മള്‍ ചിലവഴിച്ചിട്ടുണ്ടും എന്തൊക്കെ കാര്യങ്ങളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്, അവര്‍ എന്താണ് നിര്‍ദേശിച്ചത് എന്നതിനെ സംബധിച്ചൊന്നും നമുക്ക് ഒരു ഐഡിയയയും ഇല്ല.
കേസില്‍ ദിലീപിന് മാത്രമല്ല നല്ല രീതിയിലുള്ള വിചാരണയ്ക്ക് അവകാശം ഉള്ളത്, ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കും അതിനുള്ള അവകാശം ഉണ്ടെന്നാണ്. ഈ കേസില്‍ ഇതുവരെയായി രണ്ട് പ്രോസിക്യൂട്ടര്‍മരാണ് രാജിവെച്ചത്. അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടെന്നെങ്കിലും നമുക്ക് സംശയിക്കാമല്ലോ? ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കും നീതിയുക്തമായ ഒരു ട്രയലിനുള്ള സാഹചര്യം ഉണ്ടാവണം. അത് ഒരുക്കി കൊടുക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമായി ഞങ്ങള്‍ കാണുന്നു’, റിമ പറഞ്ഞു.