തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെയാണ് വിലവർധിക്കുന്നത്. അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുകയെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.
അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തേന്‍, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തില്‍ വിലവർധിക്കുന്നത്. പാക്കറ്റിലല്ലാതെ തൂക്കി വില്‍ക്കുന്ന അരിക്ക് വിലവര്‍ധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വര്‍ധിക്കുമെന്ന് മില്‍മ വ്യക്തമാക്കി.
അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വർധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും. ധാന്യങ്ങള്‍ക്ക് പുറമേ പാക്കറ്റിലുള്ള തൈരിനും മോരിനും അഞ്ച് ശതമാനം നികുതി ബാധകമാണ്. തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.
വിലക്കയറ്റം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പ്രതികരിച്ചു. ജനങ്ങള്‍ക്ക് വില വര്‍ധനവ് തിരിച്ചടിയാണ്. അത്തരം വിഷയങ്ങളില്‍ തീരുമാനം പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കേരളത്തില്‍ ജനങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങളില്‍ വില വര്‍ധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.