24.8 C
Kottayam
Monday, May 20, 2024

എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം,പള്ളുരുത്തിയില്‍ നടന്നത്

Must read

പള്ളുരുത്തി: എട്ടു വർഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടിൽ കയറി കുത്തിക്കൊന്ന് പ്രതികാരം. കുത്തേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ. അക്രമി പള്ളുരുത്തി കാട്ടിശേരി വീട്ടിൽ ജയൻ (57) പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പള്ളുരുത്തിയെ നടുക്കിയ സംഭവം.

പള്ളുരുത്തി വ്യാസപുരം വേണാട്ടുപറമ്പിൽ സരസ്വതി (61) സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് ധർമ്മജനെ (70) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നെഞ്ചിലും മുഖത്തും കഴുത്തിലുമായി നാല് കുത്തേറ്റ ധർമ്മജന്റെ നില ഗുരുതരമാണ്.

സാമ്പത്തിക തർക്കത്തിന്റെ പേരിൽ 2014 ഏപ്രിൽ 16ന് ജയന്റെ ഭാര്യ സിന്ധുവിനെ (41) സരസ്വതിയുടെയും ധർമ്മജന്റെയും മകൻ മധു നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേസിൽ ജയിലിൽ കഴിയുന്ന മധുവിനെ പുറത്തിറക്കാനുള്ള ശ്രമത്തിൽ സരസ്വതിയും ധർമ്മജനും നാല് ലക്ഷം രൂപ മുടക്കിയിരുന്നു. ഇക്കാര്യം അറിഞ്ഞ ജയൻ കത്തിയുമായെത്തി വ്യാസപുരത്തെ വേണാട്ടുവീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.

ധർമ്മജനാണ് ആദ്യം കുത്തേറ്റത്. ധർമ്മജൻ അലറിക്കരഞ്ഞ് അയൽവീട്ടിൽ അഭയം തേടി. ഈ സമയം കുളികഴിഞ്ഞ് പുറത്തിറങ്ങിയ സരസ്വതി ജയന്റെ മുന്നിൽപ്പെട്ടു. സരസ്വതി പ്രാണരക്ഷാർത്ഥം അയൽവാസി പ്രസാദിന്റെ വീട്ടിലെ അടുക്കളയിൽ അഭയം തേടിയെങ്കിലും പിന്നാലെയെത്തിയ ജയൻ തുരുതുരാ കുത്തുകയായിരുന്നു. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. നാട്ടുകാരാണ് ധർമ്മജനെ ആശുപത്രിയിലെത്തിച്ചത്.

കയറ്റിറക്ക് ജോലിക്കാരനായ ജയനും കോൺട്രാക്ടറായ മധുവും അടുത്ത സുഹൃത്തുക്കളായിരുന്നു. ചില കാരണങ്ങളാൽ ഇരുവരും തെറ്റി. പിന്നാലെ തനിക്ക് സാമ്പത്തിക തകർച്ചയുണ്ടായതിന് കാരണം സിന്ധുവിന്റെ ആഭിചാരക്രിയയാണെന്നാണ് മധു വിശ്വസിച്ചിരുന്നത്. ഈ പകയെത്തുടർന്നാണ് സിന്ധുവിനെ മകളുടെ മുന്നിലിട്ട് മധു കുത്തിക്കൊലപ്പെടുത്തിയത്.

ഈ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മധു കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒമ്പത് മാസത്തിലധികമായി പരോളിലായിരുന്നു. അടുത്തിടെയാണ് ജയിലിലേക്ക് മടങ്ങിയത്. സരസ്വതിയുടെ മൃതദേഹം കരുവേലിപ്പടി താലൂക്കാശുപത്രിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ജയന്റെ വീട്ടിൽ നിന്ന് മധുവിന്റെ വീട്ടിലേക്ക് 200 മീറ്റർ മാത്രമേ ദൂരമുള്ളൂ. ഒരു മാസമായി ജയൻ ജോലിക്ക് പോയിരുന്നില്ല. രണ്ട് ദിവസമായി അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week