അടങ്ങാത്ത പക, അച്ഛനെ കൊന്ന കേസില്‍ കോടതി വെറുതെവിട്ട ആളെ 28 വര്‍ഷത്തിനുശേഷം മകൻ കുത്തിക്കൊന്നു

തൃശൂര്‍ : സ്വന്തം പിതാവിനെ കുത്തിക്കൊന്നയാളെ മകന്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞുപിടിച്ച് കുത്തിക്കൊന്നു. കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി.  തൃശൂരിലെ ചെങ്ങാലൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പുളിഞ്ചോട് കള്ളുഷാപ്പിന് മുന്നില്‍ വെച്ചാണ് പുളിഞ്ചോട് സ്വദേശിയായ സുധനെ കുത്തി കൊന്നത്.

സംഭവത്തെ കുറച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ചെങ്ങാലൂരിലെ കള്ളുഷാപ്പില്‍ കള്ള് വാങ്ങാനായി വരി നില്‍ക്കുകയായിരുന്നു സുധന്‍. ഈ സമയം ഓട്ടോയില്‍ എത്തിയ യുവാവ് സുധനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സുധന്‍ കുത്തേറ്റ് വീണു. ഇതോടെ ഓട്ടോ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. അന്വേഷിച്ചപ്പോഴാണ് 28 വര്‍ഷം മുമ്പത്തെ പകയാണെന്ന് കണ്ടെത്തിയത്. അതേസമയം പ്രതി രന്തരപ്പിള്ളി സ്വദേശി രതീഷാണെന്നും, ഇയാള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു.

രതീഷ് പിതാവ് രവിയെ 28 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസില്‍ സുധനായിരുന്നു പ്രതി. എന്നാല്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് സുധനെ കോടതി വെറുതെ വിടുകയായിരുന്നു. ഇത്രയും കാലം സുധന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. അതേസമയം രതീഷ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടെന്നും, ഒടുവില്‍ അത് നടപ്പാക്കിയെന്നും പോലീസ് പറഞ്ഞു. സുധനെ കൊല്ലുമെന്ന് രതീഷ് നാട്ടുകാരോടൊക്കെ പലപ്പോഴായി പറയാറുണ്ടായിരുന്നു. സുധന്റെ നെഞ്ചില്‍ ആഴത്തിലുള്ള എട്ട് കുത്തുകളാണ് ഉള്ളത്. രതീഷിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News