18 ആയാലേ 21 തികയൂ! നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാത്തിരിപ്പില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി

പത്തനംതിട്ട: നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള പ്രായം തികയാനുള്ള കാത്തിരിപ്പിലാണ് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി. നവംബര്‍ പതിനെട്ടിനെ രേഷ്മയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം തികയുകയുള്ളൂ. 21 തികഞ്ഞ് പിറ്റേ ദിവസം തന്നെ നോമിനേഷന്‍ കൊടുക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാവും രേഷ്മ.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19 ആണ്. ഇതിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. തൊട്ടുപിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം.

എസ്.എഫ്.ഐയുടെ ജില്ലയിലെ പെണ്‍ കരുത്താണ് രേഷ്മ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇത്തവണ പതിനൊന്നാം വാര്‍ഡിലുള്ളവര്‍ തന്നെ വിജയിപ്പിക്കുമെന്നാണ് രേഷ്മയുടെ പ്രതീക്ഷ. മകളായും, സഹോദരിയായും, അനിയത്തിയായും വോട്ടര്‍മാര്‍ തന്നെ സ്വീകരിച്ചു. വാര്‍ഡിലെ താമസക്കാരി കൂടിയായതിനാല്‍ വിജയം ഉറപ്പാണെന്ന ശുഭ പ്രതീക്ഷയിലാണ് രേഷ്മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News