33.4 C
Kottayam
Monday, May 6, 2024

മുലപ്പാലിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകർ

Must read

മുലപ്പാലിലാദ്യമായി മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞ് ​ഗവേഷകർ. നെതർലാൻഡ്സിലെ സർവകലാശാലാ ​(Vrije Universiteit Amsterdam) ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഇറ്റലിയിലെ ആരോ​ഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇതിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മുലപ്പാൽ ശേഖരിച്ചത്. അതേ സമയം അമ്മമാരുടെ ആ​ഹാര പദാർത്ഥങ്ങളിലൊന്നും ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മനുഷ്യ കോശങ്ങളിലും വന്യമൃ​ഗങ്ങളിലും മറ്റും ഇവയുടെ സാന്നിധ്യം മുമ്പ് തിരിച്ചറിയപ്പെട്ടതാണ്‌. എന്നാൽ മനുഷ്യരിൽ ഇവ വരുത്തുന്ന ദോഷങ്ങളെ കുറിച്ച് കൂടുതൽ തെളിവുകളുണ്ടായിരുന്നില്ല.

2020ൽ ഇറ്റാലിയൻ ഗവേഷക സംഘം പ്ലാസന്റാസിൽ (PLACENTA) മെെക്രേപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിലെ രാസപദാർഥങ്ങളായ Phthalates പോലുള്ളവയുടെ സാന്നിധ്യം മുമ്പ് മുലപ്പാലിൽ കണ്ടെത്തിയിരുന്നു. എന്നാൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ആദ്യമായാണ് ലഭിക്കുന്നത്.

മൈക്രോപ്ലാസ്റ്റിക്കുകൾ നവജാത ശിശുകള്‍ക്ക് പോലും ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് ഗവേഷക സംഘം. പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിനാവശ്യമായ നിയമ സംവിധാനങ്ങളും വേണ്ടത്ര ബോധവത്കരണവും അനിവാര്യമാണെന്ന നിർദേശമാണ് ​ഗവേഷകസംഘം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

പ്ലാസ്റ്റിക്കില്‍ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ശരീരത്തിനും ആരോ​ഗ്യത്തിനും മാരകമായ പദാര്‍ത്ഥങ്ങള്‍ കൂടിയാണിത്. പോളീയീഥലെയ്ന്‍, പി.വി.സി, പോളിപ്രോപൈലീന്‍ തുടങ്ങിയവയുടെ സാന്നിധ്യമാണ് മുലപ്പാലിൽ തിരിച്ചറിഞ്ഞത്. പോളിമേഴ്‌സ് എന്ന ജേണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ കൂടുതലാണെങ്കിലും മുലപ്പാൽ നൽകുന്നതിൽ നിന്ന് അമ്മമാർ പിന്തിരിയരുതെന്ന് പഠനത്തിന്റെ രചയിതാക്കൾ പറയുന്നു. കുട്ടികളുടെ രോഗപ്രതിരോധ ശേഷിക്കും വളർച്ചയ്ക്കും മുലപ്പാൽ അത്യന്താപേക്ഷിതമായതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നും രചയിതാക്കൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week