രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ ജീവനൊടുക്കി

ചാത്തന്നൂര്‍: യുവാവിനെയും സഹോദരിയേയും കുത്തി പരിക്കേല്‍പ്പിച്ചയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറക്കര ഒഴുകുപാറ കുന്നുംപുറത്ത് വീട്ടില്‍ സുരേഷാ(52)ണ് മരിച്ചത്. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്.

കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ പരവൂര്‍ കോട്ടുവന്‍കോണം തെക്കേ പുത്തന്‍വിള വീട്ടില്‍ ഷൈജു (35) വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഷൈജുവിന്റെ സഹോദരി ഷൈലജ (37) യ്ക്കും കത്തികുത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ പരവൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി കോട്ടുവന്‍കോണത്താണ് സംഭവം. തൂങ്ങി മരിച്ച സുരേഷ് ഷൈലജയുടെ കടയിലെ ജീവനക്കാരനായിരുന്നു. സുരേഷിനെ കടയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിന് ശേഷം സുരേഷ് അപവാദങ്ങള്‍ പറഞ്ഞു പരത്താന്‍ തുടങ്ങിയെന്നാരോപിച്ച് ഷൈജു ചോദ്യം ചെയ്തതാണ് സംഘട്ടനത്തിനും കത്തിക്കുത്തിനും ഇടയാക്കിയത്. തടസം പിടിക്കാനെത്തിയ ഷൈലജയ്ക്കും കുത്തേല്‍ക്കുകയായിരുന്നു.

പരവൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സുരേഷിന്റെ വീട്ടിലെത്തി. വീട്ടിനുള്ളില്‍ കാണാതായപ്പോള്‍ വീടിന്റെ പിന്നില്‍ പരിശോധന നടത്തിയപ്പോഴാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News