ബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപ്പരിയാരം വള്ളിക്കോട് സ്വദേശി വേലുക്കുട്ടി (56) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് പറലോടി ഭാഗത്തുവച്ച് വേലുക്കുട്ടി ജീവനൊടുക്കിയത്.

മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടും ബ്ലേഡ് മാഫിയാസംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2016ലാണ് മകളുടെ വിവാഹത്തിനായി പാലക്കാട് സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വേലുക്കുട്ടി കടംവാങ്ങിയത്.

37 സെന്റ് സ്ഥലം ഈടുനല്‍കിയായിരുന്നു ഇടപാട്. പത്ത് ലക്ഷം രൂപയോളം തിരിച്ചടച്ചു. 20 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് വേലുക്കുട്ടിയെ ബ്ലേഡ് മാഫിയാ സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മകന്റെ ആരോപണം. പ്രകാശന്‍, ദേവന്‍, സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസവും ഈ സംഘത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വേലുക്കുട്ടി വീടിനടുത്തുള്ള ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News