ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന ഹര്‍ജികളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസ വിധി. ആരോപണങ്ങളില്‍ പ്രത്യേക
അന്വേഷണം(എസ്.ഐ.ടി അന്വേഷണം) വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബി അന്വേഷണം തുടരമാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ഹർജിയിലെ വാദം. സെബിയുടെ അധികാരത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, 22 വിഷയങ്ങളിൽ 20 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കിയെന്നും സോളിസിറ്റർ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റു രണ്ട് കേസുകളുടെ അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സെബിയോട് നിർദ്ദേശിക്കുന്നുവെന്നും അറിയിച്ചു. അന്വേഷണം സെബിയിൽ നിന്ന് പ്രത്യേക അന്വേഷണ സമിതിയിലേക്ക് മാറ്റുന്നതിൽ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അനാമിക ജയ്സ്വാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വർഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം, ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോർപറേറ്റ് രംഗത്തു ദുർഭരണം, ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി തുടങ്ങിയവയായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയ പ്രധാന ആരോപണങ്ങൾ.