പ്യോഗ്യാഗ്: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി മേഖലയിൽ കർശന നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. അടുത്തിടെ പല ആഗോള ഫാഷൻ – കോസ്‌മെറ്റിക് ബ്രാൻഡുകളും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ രാജ്യത്ത് നിരോധിച്ചിരുന്നു. ഇപ്പോഴിതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കിനും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.
ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ചത്. സ്‌ത്രീകൾ വലിയ രീതിയിൽ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയിൽ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്‌സ്റ്റിക് ധരിക്കുമ്പോൾ സ്‌ത്രീകൾ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമാണ്.
ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആൻഡ് ബ്ലൂ ജീൻസ്, ബോഡി ഫിറ്റ്, ചില ഹെയർസ്റ്റെെലുകൾ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയർസ്റ്റെലുകൾ മാത്രമേ സ്വീകരിക്കാൻ അനുവദിക്കുകയുള്ളു. മറ്റ് ഹെെയർസ്റ്റെലുകൾ വയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാറുണ്ട്.
കൂടാതെ നിരോധിച്ച സ്കിന്നി ജീൻസുകൾ പോലുള്ളവ ധരിക്കുന്നവർക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിർത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികൾ.