തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിക്കാന്‍ കേന്ദ്ര അനുമതി തേടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
റെഡ് ക്രെസന്റിന്റെ 20 കോടി രൂപയാണ് പദ്ധതിക്ക് സഹായം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കമ്മീഷന്‍ തട്ടിപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിയോട് ഇ.ഡി. വിശദീകരണം തേടിയത്.
2019 ജൂലൈ 11-ന് ലൈഫ് മിഷന്‍ സി.ഇ.ഒയും റെഡ് ക്രെസന്റും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ പകര്‍പ്പ്, യോഗത്തിന്റെ മിനുട്ട്സ്, കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിന്റെ രേഖ, വിദേശസഹായം ലഭ്യമാക്കാന്‍ കേന്ദ്ര അനുമതി തേടിയതിന്റെ രേഖകള്‍ ഹാജരാക്കുക എന്നിങ്ങനെ നാല് കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. സഹായം സ്വീകരിക്കാന്‍ കേന്ദ്രഅനുമതി തേടിയില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണം. ധാരണ ഒപ്പിട്ട യോഗത്തിന് മിനിട്‌സ് ഇല്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.