FeaturedKeralaNews

സംഹാരതാണ്ഡവമാടി മഴ; ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കൊച്ചി: മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും നല്‍കി.

അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വരുന്ന മണിക്കൂറില്‍ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവരാണ സേന അറിയിച്ചു.

ഇതിനിടെ കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടത്തും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമുകള്‍ പലതും തുറന്നു. തീരപ്രദേശത്തും കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയത്. നിരവധി വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. നൂറിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ രണ്ട് നദികളായ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ ദേശീയ ജല കമ്മീഷന്റെ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകടനിലയിലെത്തിയതിനാലാണ് മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേന്ദ്ര ജലകമ്മീഷന്റെ തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചന്‍കോവിലാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button