KeralaNews

‘ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’; ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ കസ്റ്റഡിയില്‍ കലാപ ആഹ്വാനങ്ങള്‍

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്.

അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ‘കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം’, ‘നിയമം ലംഘിച്ചത് എത്ര ആരാധകരുള്ള യുട്യൂബേഴ്സ് ആണേലും പിടിച്ച് അകത്തിടണം’ തുടങ്ങിയ കമന്റുകളുമായാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്‍ടിഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയതെന്നും ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനൊപ്പം ആര്‍ടി ഓഫീസ് പ്രവര്‍ത്തനവും തടസപ്പെടുത്തിതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞത്: ”അവരുടെ ടാക്സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആള്‍ട്ടറേഷനാണ് വാഹനത്തില്‍ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡില്‍ ഇറങ്ങിയാല്‍ മറ്റുള്ളവര്‍ക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവര്‍ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്.

നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡില്‍ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആള്‍ക്കാരെ വിളിച്ച് കൂട്ടി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഓഫീസിന്റെ പ്രവര്‍ത്തനം മൊത്തം അവര്‍ തടസപ്പെടുത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.”

ഇന്നാണ് എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആര്‍ടിഒയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button