രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ ട്രെയിനില്‍ അസഭ്യ വര്‍ഷവും കൈയേറ്റ ശ്രമവും; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിനില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിനെയാണ് അറസ്റ്റ് ചെയ്തത്. മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എസി കംപാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. എം.പി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.

ഡല്‍ഹിയി യാത്രയ്ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് മാവേലി എക്‌സ്പ്രസ്സില്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കൊപ്പമായിരുന്നു എംപിയുടെ യാത്ര. ഇവര്‍ സഞ്ചരിച്ചിരുന്ന അതേ ബോഗിയില്‍ കയറിയ പത്മരാജന്‍ ഐങ്ങോത്തും മറ്റൊരാളും ചേര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. എംപി. ട്രെയിനില്‍ മദ്യപിച്ചെത്തിയ ഇവര്‍ എംപിക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

റെയില്‍വേ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പൊലീസ് പത്മരാജന്‍ ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അസഭ്യം പറഞ്ഞതിനും കയ്യേറ്റ ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. മദ്യപിച്ചെത്തിയ ഇവര്‍ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ട്രെയിനില്‍ കയറിയത് എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News