കൊച്ചി:പ്രേക്ഷകരുടെ നെഗറ്റീവ് കമന്റുകൾ അംഗീകരിക്കാൻ അഭിനയ ജീവിതത്തിലൂടെ സാധിച്ചെന്ന് നടിയും സംരംഭകയുമായ റെബേക്ക സന്തോഷ്. ചെറിയ പ്രായത്തിൽ തന്നെ പക്വതയുളള കഥാപാത്രങ്ങൾ അഭിനയിച്ച നടിയാണ് താനെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലാണ് റെബേക്ക കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
’14 വർഷങ്ങൾക്ക് മുൻപാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. അഭിനയം എന്റെ പാഷനായിരുന്നു. എന്നാൽ ആദ്യസമയങ്ങളിൽ ചെയ്ത് നാല് പ്രോജക്ടുകളും പരാജയമായിരുന്നു. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. കൂടെ പ്രവർത്തിച്ചവരുടെയും വിശ്വാസം പോയി. അങ്ങനെ അഭിനയം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു. പഠനം തുടരാനും തീരുമാനിച്ചു. അതിനിടയിൽ 2017ൽ ഒരു അവസരം ലഭിച്ചു. അന്നുമുതലാണ് എന്റെ ജീവിതം മാറിമറിയാൻ ആരംഭിച്ചത്.
ഞാൻ ആരാണെന്ന് പലരും അറിഞ്ഞുതുടങ്ങി. ആ സമയത്ത് എനിക്ക് 17 വയസായിരുന്നു പ്രായം. പക്വതയുളള ഒരു അഭിഭാഷകയുടെ കഥാപാത്രമാണ് സീരിയലിൽ ഞാൻ ചെയ്തത്. അതിനിടയിൽ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തു. അപ്പോഴാണ് പ്രേക്ഷകർ യഥാർത്ഥ റബേക്ക എന്താണെന്ന് മനസിലാക്കിയത്. എനിക്കപ്പോഴും കുട്ടിക്കളി മാറിയിരുന്നില്ല. ആ പരിപാടിയിൽ പങ്കെടുത്തതിന് എനിക്ക് കിട്ടിയത് മോശം കമന്റുകളായിരുന്നു.എന്നെ ഇല്ലാതാക്കുന്ന തരത്തിലുളള നെഗറ്റീവ് കമന്റുകളാണ് വന്നത്. അത് സഹിക്കുന്നതിനും അപ്പുറമായിരുന്നു.
യഥാർത്ഥ റെബേക്കയെ ജനങ്ങൾക്ക് ഉൾക്കൊളളാൻ സാധിച്ചില്ല. കാരണം അവർ എന്നെ സീരിലുകളിൽ കണ്ടിട്ടുളളത് അത്രയും പക്വതയുളള വേഷങ്ങളിലൂടെയായിരുന്നു. ആ സമയത്ത് ഞാൻ നന്നായി സങ്കടപ്പെട്ടു. ശരിക്കും പറഞ്ഞാൽ അതെന്റെ വിജയമായിരുന്നു. എന്റെ അഭിനയം പ്രേക്ഷകർ അംഗീകരിച്ചതുക്കൊണ്ടാണ് മോശം കമന്റുകൾ വന്നത്.
അതുകൊണ്ട് ആ നെഗറ്റീവ് കമന്റുകൾ ഞാൻ പോസീറ്റീവായി എടുക്കാൻ തുടങ്ങി. അതൊരു പുരസ്‌കാരമായി ഏറ്റെടുത്തു. ചെറിയ പ്രായത്തിൽ അത്രയും സീരിയസായ ഒരു കഥാപാത്രം ചെയ്യുകയെന്നത് നിസാരക്കാര്യമല്ല. ആ പരിപാടിയിൽ ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. അതുപോലെ ഞാൻ ഒരു സംരഭക കൂടിയാണ്. ബിസിനസ് ചെയ്യാൻ തുടങ്ങിയപ്പോഴും പലരും എന്നെ ചോദ്യം ചെയ്തു. പക്ഷെ അച്ഛനും അമ്മയും ഭർത്താവും പിന്തുണച്ചു. ഇനി എനിക്കൊരു സംവിധായികയാകണം. അതിനുളള പരിശ്രമം നടത്തുന്നുണ്ട്’-റെബേക്ക പറഞ്ഞു.
തിരുവമ്പാടി തമ്പാൻ, സപ്തശ്രീ തസ്‌കര,ടേക്ക് ഓഫ്, ഒരു സിനാമക്കാരൻ, മിന്നാമിനുങ്ങ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലെ നായികയാണ്.