കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണ് എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി മാതാവ് ഷെറീന. റിഫയുടേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തണം എന്ന് ഷെറീന ആവശ്യപ്പെട്ടു. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചത് എന്ന് കണ്ടെത്തണം എന്ന് റിഫയുടെ ഉമ്മ കൂട്ടിച്ചേര്‍ത്തു. റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണ് എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഇന്ന് പുറത്തുവന്നത്.
ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത് എന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി വരാനുണ്ട് എന്നും റിഫയുടെ മാതാവ് പറഞ്ഞു. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിലേക്ക് നയിച്ച കാരണങ്ങള്‍ അറിയണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഇതിനോടകം കേസ് കൊടുത്തിട്ടുണ്ടെന്നും ഷെറീന വ്യക്തമാക്കി. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിനാണ് ഒളിവില്‍ പോയതെന്നും ഷെറീന ചോദിക്കുന്നു.
ദുബായിലെ ഫ്‌ളാറ്റിലാണ് റിഫ മെഹ്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു റിഫ കഴിഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍ റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍ കൂടി ഇനി വരാനുണ്ട്.
ഇത് കൂടി അനുസരിച്ചായിരിക്കും അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. റിഫയുടെ ഭര്‍ത്താവായ മെഹ്നാസ് കാസര്‍കോട് സ്വദേശിയാണ്. മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് മെഹ്നാസിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ ഒളിവിലാണ് മെഹ്നാസ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്ളാറ്റില്‍ വെച്ച് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. മെഹ്നാസ് വിലക്കിയതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നത് എന്നാണ് റിഫയുടെ കുടുംബം പറയുന്നത്. നാട്ടിലെത്തിച്ച ഉടനെ റിഫയുടെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം പെരുമാറ്റത്തില്‍ മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയത്. ഇക്കഴിഞ്ഞ ജനുവരി മാസം അവസാനമാണ് റിഫ കാക്കൂരില്‍ നിന്ന് വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിലുള്ള പര്‍ദ ഷോപ്പിലായിരുന്നു റിഫയ്ക്ക് ജോലി. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്.
മകനെ ദുബായിലേക്ക് കൊണ്ടുപോയിരുന്നില്ല. ആത്മഹത്യ ചെയ്ത ദിവസം രാത്രി ദുബായിലെ ജോലി സ്ഥലത്ത് നിന്ന് റിഫ നാട്ടിലുള്ള തന്റെ മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അതേസമയം മെഹ്നാസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 20ന് കോടതി പരിഗണിക്കും.
ഇതിനിടെ താന്‍ നിരപരാധിയാണെന്നും റിഫയുടെ മരണത്തില്‍ പങ്കില്ലെന്നും പറഞ്ഞ് മെഹ്നാസ് യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. അറിയപ്പെടുന്ന വ്ളോഗറായ റിഫയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സ് ഉണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവമായിരുന്നു.