CrimeKeralaNews

MBBS ക്ലാസിലിരുന്നത്‌ ജാള്യം മറയ്ക്കാനെന്ന് +2 വിദ്യാർഥിനി; അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്‌

കോഴിക്കോട്: പ്രവേശനപരീക്ഷയിൽ യോഗ്യതനേടാത്ത വിദ്യാർഥിനി നാലുദിവസം എം.ബി.ബി.എസ്. ക്ളാസിലിരുന്ന സംഭവത്തിൽ കോഴ്‌സ് കോ-ഓർഡിനേറ്ററും വകുപ്പുമേധാവികളുമടക്കം അഞ്ചുപേർക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കാരണംകാണിക്കൽ നോട്ടീസ് നൽകി. ലഭിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ യോഗംചേർന്ന് റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ചു.

പ്രവേശനപ്പട്ടികയിൽ വിദ്യാർഥിനിയുടെ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് ആഭ്യന്തരാന്വേഷണം നടത്തിയതെന്ന് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത് കുമാർ പറഞ്ഞു. വിവരം പോലീസിന് കൈമാറിയതിനെത്തുടർന്ന് ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രവേശനപരീക്ഷയിൽ യോഗ്യതനേടി ആദ്യ അലോട്മെന്റിൽ കോളേജിലെത്തിലെത്തിയ 170 കുട്ടികളുടെ ക്ളാസ് നവംബർ 15-ന് തുടങ്ങിയിരുന്നു. രണ്ടാഴ്ചകഴിഞ്ഞ് രണ്ടാംഘട്ട അലോട്മെന്റിനുശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് യോഗ്യതയില്ലാത്ത വിദ്യാർഥിനി എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. ഈ ബാച്ചിൽ 49 കുട്ടികളാണെത്തിയത്. 29 -ന് രാവിലെ ക്ളാസ് തുടങ്ങാൻനേരം വിദ്യാർഥികൾ കൂട്ടമായെത്തിയപ്പോൾ പ്രവേശനകാർഡ് പരിശോധിക്കാതെ പേര് ഹാജർപട്ടികയിൽ ചേർക്കുകയായിരുന്നു.

തലേദിവസംതന്നെ അലോട്മെന്റ് ലിസ്റ്റ് കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് നൽകിയിരുന്നെങ്കിലും ഇക്കാര്യം ക്ളാസിന്റെ ചുമതലയിലുള്ളവരെ അറിയിക്കുന്നതിൽ പറ്റിയ വീഴ്ചയാണ് വ്യാജപ്രവേശനത്തിന് കാരണമായത്. ഹാജർപട്ടികയിൽ എല്ലാവരുടെയും പേര് ചേർത്തുകഴിഞ്ഞ് ‘ഇനി ആരുടെയെങ്കിലും പേര് ചേർക്കാനുണ്ടോ’ യെന്ന് അധ്യാപിക ചോദിച്ചപ്പോൾ ഈ കുട്ടി പേരുപറയുകയായിരുന്നു. ഇതേ രജിസ്റ്ററിലാണ് തുടർന്നുള്ള ദിവസങ്ങളിലും കുട്ടികളുടെ ഹാജർ രേഖപ്പെടുത്തിയതെന്നാണ് വകുപ്പുമേധാവികളുടെ വിശദീകരണം. ബയോകെമിസ്ട്രി വകുപ്പിനാണ് ക്ളാസ് നടത്തിപ്പുചുമതല.

യോഗ്യതയില്ലാത്ത വിദ്യാർഥിനി എം.ബി.ബി.എസ്. ക്ലാസിലിരിക്കാനിടയായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

യോഗ്യതയില്ലാതെ എം.ബി.ബി.എസ്. ക്ളാസിലിരുന്ന വിദ്യാർഥിനിയെ പോലീസ് കണ്ടെത്തി. കൊടുവള്ളി സ്വദേശിനി 19 വയസ്സുകാരിയാണ് പ്രവേശനം ലഭിച്ചെന്ന വ്യാജേന ക്ളാസിലിരുന്നത്. സ്റ്റേഷനിൽ ഹാജരായ കുട്ടിയെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയച്ചു. കോളേജിൽ വ്യാജരേഖ ഹാജരാക്കിയിട്ടുണ്ടോയെന്ന് പരിശോധന നടത്തുമെന്ന് എ.സി.പി. കെ. സുദർശൻ പറഞ്ഞു.

നീറ്റ് പരീക്ഷയുടെ ഫലംവന്ന സമയത്ത് ഗോവയിൽ യാത്രപോയതായിരുന്നെന്നും അവിടെ ലാപ്‌ടോപ്പ് ഇല്ലാത്തതിനാൽ മൊബൈൽഫോണിലാണ് ഫലം പരിശോധിച്ചതെന്നും വിദ്യാർഥിനി പറഞ്ഞു. 15,000-ാം റാങ്കുള്ള തനിക്ക് അഡ്മിഷൻ ലഭിച്ചെന്ന് വിചാരിച്ച് വിവരമറിയിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ, നാട്ടിലെത്തിയപ്പോഴാണ് പ്രവേശനം ലഭിച്ചില്ലെന്ന് മനസിലായത്. ജാള്യം മറയ്ക്കാനാണ് കോളേജിൽപോയതും ക്ളാസിലിരിക്കുന്ന ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നുമാണ് കുട്ടി പോലീസിന് മൊഴിനൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button