മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീകളെ വെട്ടി പരുക്കേല്‍പ്പിച്ചു; ഒന്നാം പ്രതി അറസ്റ്റില്‍

കായംകുളം: മൂന്ന് സ്ത്രീകളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയില്‍ ജയേഷ് (ബിജു 40) ആണ് പൊലീസിന്റെ പിടിയിലായത്. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത അയല്‍വാസിയായ നീതു എന്നിവരെ പ്രതി വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 8.30-ഓടെ മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണസംഭവങ്ങളില്‍ കലാശിച്ചത്. കൂടാതെ കഴിഞ്ഞ ഓണക്കാലത്ത് വീടിനുസമീപം പടക്കം പൊട്ടിച്ചതിലെ വൈരാഗ്യവും പ്രതിക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയും മറ്റു മൂന്നുപേരും ചേര്‍ന്ന് ചൊവ്വാഴ്ച മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മിനിയെയും സഹോദരി സ്മിതയെയും തടയാന്‍ ചെന്ന അയല്‍വാസി നീതുവിനെയും വാളുകൊണ്ട് വെട്ടി. സാരമായി പരുക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കേസിലെ മൂന്നാം പ്രതി സജിത്തിനെയും നാലാം പ്രതി ഉല്ലാസിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി അലക്സ് ബേബി, എസ്‌ഐ ഉദയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News