ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് ഈ സമയം പെട്ടിമുടിയില്‍ പെയ്തത്. ഇതിനൊപ്പം സമീപമലയില്‍ നിന്നുള്ള നിന്നുള്ള വെള്ളം കൂടി കുത്തിയൊലിച്ച് വന്നതോടെ ഉരുള്‍പൊട്ടലുണ്ടായെന്നാണ് വിലയിരുത്തല്‍.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ പെട്ടിമുടിയില്‍ ക്വാറികളില്ല. ഒരു നൂറ്റാണ്ടോളമായി തേയില കൃഷി ചെയ്യുന്ന ഇവിടെ മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സമാനദുരന്തം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരത്തിലുള്ള മേഘവിസ്ഫോടനത്തെ കുറിച്ച് പഠനം നടത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി മീറ്റര്‍ മഴ. ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ പെയ്ത മഴ 2,147 മില്ലി മീറ്റര്‍. ചരിത്രത്തില്‍ ആദ്യമായാണ് കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയും മഴ കിട്ടുന്നത്. ശരാശരി ഒരു വര്‍ഷം കിട്ടേണ്ട മഴ ഒറ്റ ആഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെ പെട്ടിമുടി ദുരന്ത ഭൂമിയായി.