NationalNews

‘നുണപരിശോധനയ്ക്ക് തയാർ, ഒരു നിബന്ധനയുണ്ട്’ പുതിയ നീക്കവുമായി ബ്രിജ്ഭൂഷൺ

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. നുണ പരിശോധനയ്ക്കായി നാർക്കോ ടെസ്റ്റിനും പോളിഗ്രാഫി ടെസ്റ്റിനും തയാറാണ്. പക്ഷേ എന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും ഈ പരിശോധനകൾക്ക് വിധേയരാകണം. രണ്ടു ഗുസ്തിക്കാരും ടെസ്റ്റിന് തയാറാണെങ്കിൽ, മാധ്യമങ്ങളെ അറിയിക്കുക. താനും ഇതിന് തയാറാണെന്ന് ബ്രിജ്ഭൂഷൺ ശരൺ സിങ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

ഞായറാഴ്ച ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷൺ നാർക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് സിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഹരിയാനയിൽനിന്നുള്ള കർഷകർ പിന്തുണ അറിയിച്ചു. 

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസിൽ ലൈംഗികാതിക്രമ പരാതി നൽ‌കിയത്. താരങ്ങളുടെ പരാതി സുപ്രീംകോടതിയിൽ എത്തിയതോടെയാണ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. പക്ഷേ, നടപടികൾ അവിടെവച്ച് അവസാനിച്ചു.

താരങ്ങൾ ഉന്നയിച്ച മറ്റാവശ്യങ്ങളോടു കേന്ദ്രസർക്കാർ ഇപ്പോഴും മുഖംതിരിച്ചുനിൽക്കുകയാണ്. സമരം രാജ്യത്തിന്റെ പ്രതിഛായ തകർക്കുന്നുവെന്നും ഗുസ്തിതാരങ്ങൾക്ക് അൽപം അച്ചടക്കത്തിന്റെ കുറവുണ്ടെന്നുമുള്ള ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി.ഉഷയുടെ പ്രതികരണം ഇതിനിടെ വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker