ന്യൂഡൽഹി: കടലാസിന് പകരം പ്ലാസ്റ്റിക് (പോളിമർ) ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് (ആർബിഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. പരീക്ഷണം വിജയിച്ചാൽ പ്ലാസ്റ്റിക് നോട്ടുകൾ വ്യാപകമാക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നതായി കഴിഞ്ഞമാസം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ കൂടുതൽ കാലം ഈടുനിൽക്കും എന്നതാണ് റിസർവ് ബാങ്ക് ഇതിന് ന്യായമായി പറഞ്ഞത്. കൂടാതെ ഉയർന്ന പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകൾക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആർബിഐ പറയുന്നു.
പുതിയ നീക്കം കടലാസ് കറൻസിയുടെ അന്ത്യത്തെയല്ല സൂചിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിലുള്ള കടലാസ് കറൻസികൾക്കൊപ്പമാണ് പ്ലാസ്റ്റിക് നോട്ടുകളും വിനിമയം ചെയ്യപ്പെടുക. പ്ലാസ്റ്റിക് നോട്ടുകൾ എത്തുന്നതിനനുസരിച്ച് കടലാസ് നോട്ടുകൾ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ പറയുന്നു. കടലാസ് കറൻസികൾ പൂർണമായും പ്ലാസ്റ്റിക്കിലേക്ക് മാറ്റാനുള്ള ആലോചന ഇപ്പോഴില്ലെന്ന് ലോക്‌സഭയിലെ മറുപടിയിൽ മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
പോളിമർ നോട്ടുകൾ ഡിജിറ്റൽ പെയ്മന്റുകളെ ബാധിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും റിസർവ് ബാങ്ക് പറയുന്നു. നോട്ടുകൾ പ്രചാരത്തിലെത്തിയ ശേഷമേ ഇക്കാര്യം വിലയിരുത്താൻ കഴിയൂ. കറൻസികളും ഡിജിറ്റൽ പെയ്‌മെന്റും പരസ്പരപൂരകമായ പണ വിനിമയ രീതികളാണെന്നും അവ തുടർന്നും നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ പറഞ്ഞു.
ആഗോളതലത്തിൽ ഓസ്‌ട്രേലിയ ആണ് പോളിമർ കറൻസി ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. 1988-ൽ. നിലവിൽ അറുപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നുണ്ട്. 2025-’26 സാമ്പത്തിക വർഷം കറൻസിനോട്ടുകൾ അച്ചടിക്കാൻ 4,875.2 കോടി രൂപയാണ് ചെലവുവന്നത്. തൊട്ടു മുൻവർഷമിത് 6,372 കോടിയായിരുന്നു. 2025-’26 സാമ്പത്തികവർഷം 1,702 കോടി മുഷിഞ്ഞ നോട്ടുകൾ പൊതുവിപണിയിൽനിന്ന് പിൻവലിച്ച് ആർ.ബി.ഐ. നശിപ്പിച്ചിരുന്നു. 2024-’25-ലിത് 2,386 കോടിയെണ്ണമായിരുന്നു.
English SummaryThe Ministry of Finance has approved the Reserve Bank of India’s (RBI) proposal to introduce plastic (polymer) currency notes to replace traditional paper notes. In the initial field-trial phase, 100 crore pieces each of ₹10 and ₹20 denomination polymer notes will be introduced. If the trial proves successful, plastic notes will be rolled out on a larger scale. Minister of State for Finance Pankaj Chaudhary confirmed this development in a written reply in the Lok Sabha.


