തിരുവനന്തപുരം: കേരള പോലീസിലെ സംഘടനാ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി യുഡിഎഫ് സർക്കാർ. നേരത്തെ നിലവിലുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പോലീസിൽ ഔദ്യോഗികമായി പ്രവർത്തിക്കുക. പുതിയ പരിഷ്കാരം അനുസരിച്ച് കേരള പോലീസ് അസോസിയേഷനും കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഇനി ഉണ്ടാകുക. മുൻപ് ഉണ്ടായിരുന്ന സംഘടനകളിൽ അഴിച്ചുപണി നടത്തിയാണ് ഈ പുനക്രമീകരണം സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
ഈ നിർണ്ണായക നീക്കത്തിലൂടെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടന പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്. സി.ആർ. ബിജു പ്രസിഡന്റും ആർ. പ്രശാന്ത് ജനറൽ സെക്രട്ടറിയുമായിരുന്ന ഈ സംഘടനയെ ഇല്ലാതാക്കി ഇതിലെ അംഗങ്ങളെ മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ, എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർ കേരള പോലീസ് അസോസിയേഷന്റെ ഭാഗമാകും. എസ്ഐ റാങ്ക് മുതൽ നോൺ ഐപിഎസ് എസ്‌പിമാർ വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുനക്രമീകരിച്ചിരിക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം, പിരിച്ചുവിടപ്പെട്ട പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ എല്ലാ സ്വത്തുവകകളും ഇനി സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് കൈമാറേണ്ടതുണ്ട്. പുതിയ സംഘടനകളുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കാൻ ഡിജിപിക്ക് സർക്കാർ നിർദ്ദേശം നൽകി. 2026 സെപ്റ്റംബർ 30-നകം എല്ലാ തലത്തിലുമുള്ള തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കി ഈ രണ്ട് സംഘടനകളുടെയും പുതിയ ഭാരവാഹികളെ നിശ്ചയിക്കണമെന്നും സർക്കാർ ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നു.


