ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബയ്ക്ക് തിരിച്ചടി; കേസെടുക്കാനാവില്ലെന്ന് കോടതി

കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസ്സന് കോടതിയിൽനിന്ന് തിരിച്ചടി. നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും ഒരു ഓൺലൈൻ ചാനലിന്റെ അവതാരകനുമെതിരെ അൻസിബ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. നിലവിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട കുറ്റകൃത്യങ്ങൾ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നായിരുന്നു അൻസിബയുടെ വാദം. എന്നാൽ, ഇതിൽ മാനനഷ്ട കേസ് എടുക്കാനുള്ള വകുപ്പുകൾ മാത്രമേ ഉള്ളൂ എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.

പോലീസ് റിപ്പോർട്ടിനെ ശരിവെക്കുന്നതാണ് കോടതി ഉത്തരവ്. നിലവിൽ എഫ്.ഐ.ആർ. ഇടാനുള്ള സാഹചര്യമില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മാനനഷ്ട കേസിലുള്ള നടപടിക്രമങ്ങൾ കോടതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൊഴി നൽകുന്നതിനായി അൻസിബയോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു.

മാനനഷ്ടമെന്നതിലുപരി, സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കേസ് വേണമെന്നാണ് നടിയുടെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് അൻസിബയുടെ തീരുമാനം. ഇതിനായുള്ള നിയമപരമായ നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് അൻസിബയുടെ അഭിഭാഷകർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News