മുംബൈ: സഞ്ജു സാംസണെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെപ്പോലെ പ്രതിഭയുള്ള താരമാണ് സഞ്ജുവെന്ന് രവി ശാസ്ത്രി പ്രതികരിച്ചു. ‘‘സഞ്ജു സാംസൺ ഇപ്പോൾ ഇന്ത്യന്‍ ടീമിലുണ്ട്. അദ്ദേഹം തന്റെ കഴിവ് ഇതുവരെ മനസ്സിലാക്കിയിട്ടില്ല.
സഞ്ജു ശരിക്കും ഒരു മാച്ച് വിന്നറാണ്. തന്റെ കരിയർ മികച്ചൊരു താരമായി തന്നെ സഞ്ജു അവസാനിപ്പിച്ചില്ലെങ്കിൽ അതു നിരാശയാകും. രോഹിത് ശർമ സ്ഥിരം ടെസ്റ്റ് താരമായി കളിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുന്ന സങ്കടമാണു സഞ്ജുവിന്റെ കാര്യത്തിലും എനിക്ക്.’’– രവി ശാസ്ത്രി പ്രതികരിച്ചു.
‘‘രോഹിത് ശർമ വളരെ മികച്ചൊരു ഓപ്പണിങ് ബാറ്ററാണ്. ഇതേ തോന്നലാണ് എനിക്കു സഞ്ജു സാംസണിന്റെ കാര്യത്തിലുമുള്ളത്.’’– രവി ശാസ്ത്രി വ്യക്തമാക്കി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നാണു ആരാധകരുടെ പ്രതീക്ഷ. മുംബൈ ഇന്ത്യൻസ് ബാറ്റർ ഇഷാൻ കിഷനും ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ട്.
കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പരുക്കുമാറി തിരിച്ചെത്താത്തതിനാൽ സഞ്ജു വെസ്റ്റിൻഡീസിനെതിരെ കളിച്ചേക്കും. പരമ്പരയിൽ തിളങ്ങിയാൽ ഈ വർഷം ഒക്ടോബർ– നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന്റെ പ്രവേശനം അനായാസമാകും. ഏഷ്യാ കപ്പ് ടീമിലേക്കും സഞ്ജുവിന് പരിഗണന ലഭിക്കും. ലോകകപ്പ് അടുക്കുമ്പോഴേക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പരുക്കുമാറി തിരിച്ചുവരാനാകുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യയ്ക്കായി 11 ഏകദിന മത്സരങ്ങൾ മാത്രമാണു സഞ്ജു കളിച്ചിട്ടുള്ളത്. രണ്ട് അർധ സെഞ്ചറികളടക്കം 330 റൺസ് ഏകദിന മത്സരങ്ങളിൽനിന്നുണ്ട്. കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്.
2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലാണ് സഞ്ജു ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. 46 റൺസായിരുന്നു ആദ്യ മത്സരത്തിലെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്നൗവിൽ നേടിയ 86 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ.