പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയില്‍. മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഒറ്റപ്പാലം മനിശേരിയില്‍ ലക്ഷ്മിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എലി കരണ്ടതാണെന്ന് കണ്ടെത്തി.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി. പാലക്കാട് ഡി എം ഒയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം.