തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. നാളെ മുതൽ രാവിലെ എട്ടു മുതൽ 12 വരെയും ഉച്ചയ്ക്ക് ശേഷം നാലുമണിമുതൽ ഏഴ് മണിവരെയുമായിരിക്കും. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. എന്നിട്ടും തകരാർ പരിഹരിക്കാനായില്ല.
എല്ലാ ജില്ലകളിലും റേഷൻ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താൻ ഉള്ള എൻഐസി നിർദ്ദേശപ്രകാരമാണ് സമയമാറ്റം. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം അടുത്ത മാസം നാലാം തിയതി വരെ നീട്ടിയതായും ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു.
സാങ്കേതിക കാരണത്താൽ റേഷൻ മുടങ്ങുന്നത് ഒഴിവാക്കാനാണിത്. ആറിന് തിരുവനന്തപുരത്ത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ഹൈദരാബാദിലെ എൻഐസി ഉദ്യോഗസ്ഥരും തമ്മിൽ വിതരണത്തെക്കുറിച്ച് ചർച്ച നടക്കും.