കൊൽക്കത്ത: ബംഗാളിലെ ബൊൻഗാവ് മുൻ മുനിസിപ്പൽ ചെയർമാൻ ശങ്കർ ആധ്യ അറസ്റ്റിൽ. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുലർച്ചെയായിരുന്നു ഇ.ഡി. അധികൃതർ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്തത്. വലിയ രീതിയിൽ ജനക്കൂട്ടം വളഞ്ഞതിനിടയിൽ നിന്നായിരുന്നു അധികൃതർ ആധ്യയെ അറസ്റ്റ് ചെയ്തത്.
ശങ്കർ ആധ്യയെ ആൾക്കൂട്ടത്തിനിടിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കേസുമായി ബന്ധപ്പെട്ട് ശങ്കർ ആധ്യയുടേയും തൃണമൂൽ നേതാവ് ഷാജഹാൻ ശെെഖിന്റെയും വീടുകൾ റെയ്ഡ് ചെയ്യാൻ ഇ.ഡി. അധികൃതർ എത്തിയിരുന്നു. ആധ്യയുടെ വീട്ടിൽ എതിർപ്പൊന്നുമില്ലാതെ സംഘത്തിന് പരിശോധനനടത്താൻ കഴിഞ്ഞെങ്കിലും ഷാജഹാൻ ശെെഖിന്റെ വീട്ടിലെത്തിയ അധികൃതർ ആക്രമിക്കപ്പെട്ടിരുന്നു.
ഷാജഹാൻ ശൈഖിന്റെ വടക്കൻ 24 പർഗാനാസ് ജില്ലയിലെ വീട്ടിലാണ് റെയ്ഡിനായി ഇ.ഡി. സംഘം എത്തിയത്. ഈ കേസിൽ അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്തയാളാണ് ശൈഖ്. വീട് പൂട്ടിക്കിടന്നതിനാൽ ശൈഖ് വരാനായി ഇ.ഡി. സംഘം ഒരു മണിക്കൂറോളം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൂട്ടുപൊളിച്ച് ഉള്ളിൽക്കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.
ഇ.ഡി. സംഘത്തിന് സുരക്ഷയ്ക്കായിവന്ന സി.ആർ.പി.എഫ്. ജവാന്മാരെയും അക്രമികൾ തള്ളിമാറ്റി. തുടർന്ന്, സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇ.ഡി. സംഘം പരിശോധന നടത്താതെ പിൻവാങ്ങി.
ഇത്തരത്തിൽ തങ്ങൾക്കുനേരേ മുമ്പൊരിക്കലും ആക്രമണമുണ്ടായിട്ടില്ലെന്ന് സംഘത്തിൽ അംഗമായ ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വെള്ളിയാഴ്ച രാത്രി ആധ്യയുടെ ഭാര്യാപിതാവിന്റെ വസതിയിൽ അധികൃതർ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്.