ഗോവയിൽ വൈക്കം സ്വദേശിയുടെ ദുരൂഹ മരണം: മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

വൈക്കം: പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയി മരണപ്പെട്ട വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറിൽ സന്തോഷിന്റെ മകൻ സഞ്ജയയ്ക്ക് (19) മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മുമ്പാണ് നെഞ്ചിലും പുറത്തും മർദനമേറ്റത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണകാരണം എന്താണെന്ന് പറയാൻ കഴിയൂ. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 29-നാണ് സഞ്ജയും കൂട്ടുകാരും അയൽവാസികളുമായ കൃഷ്ണദേവ്(20), ജയകൃഷ്ണൻ(20) എന്നിവർ പുതുവത്സരം ആഘോഷിക്കാൻ ഗോവയിലേക്ക് പോയത്. 31-ന് രാത്രിയിൽ വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ സഞ്ജയിനെ കാണാതാവുകയായിരുന്നു.

നാലിന് പുലർച്ചെ രണ്ടുമണിയോടെ വാകത്തൂർ ബീച്ചിന് സമീപത്തെ കടലിൽനിന്നു മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഡാൻസ് പാർട്ടിയിൽ പങ്കെടുത്ത സഞ്ജയ്‌നെ മർദിച്ച് കൊലപ്പെടുത്തിയശേഷം കടലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അച്ഛൻ സന്തോഷ് പറഞ്ഞു.

താത്കാലികമായി ഉണ്ടാക്കിയ ഡാൻസ് ക്ലബ്ബിലാണ് സഞ്ജയും സുഹൃത്തുക്കളും പോയത്. അവിടെ നടന്ന പാർട്ടിയിൽ സഞ്ജയ് ഡാൻസ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ഈ ദൃശ്യത്തിൽ സഞ്ജയയെ ഒരാൾ വിളിച്ചുകൊണ്ടുപോകുന്നതും കാണാം.തുടർന്ന് കാണാതാവുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഗോവയിലെ അഞ്ചുന പോലീസിൽ പറഞ്ഞിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News