കട്ടപ്പന വീണ്ടും നാടിനെ ഞെട്ടിയ്ക്കുന്ന കൊലപാതകം.അറുപത്തഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) കൊലപ്പെടുത്തിയ കേസില്‍ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ മണി(43) ആണ് പിടിയിലായത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം.
കുന്തളംപാറയിലെ വീടിനു സമീപം ഒറ്റപ്പെട്ട നിലയിലുള്ള മറ്റൊരു വീട്ടിലാണ് മണി പതിവായി കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ജൂണ്‍ 2ന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടില്‍ എത്തിയ മണി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാന്‍ വീണ്ടും ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി. രക്തം ദേഹത്തു വീണതോടെ ഭയന്ന പ്രതി വീട്ടിലേക്കു പോയി. രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു. അതോടെ വീട്ടിലേക്കു പോയി രക്തം വീണ വസ്ത്രങ്ങള്‍ റോഡരികില്‍ കൊണ്ടുവന്നു കത്തിച്ചു. അമ്മിണിയുടെ മൊബൈല്‍ ഫോണ്‍ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിച്ചു.
കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു മുതല്‍ ഏതാനും ദിവസം മണി കൂലിപ്പണിക്കു പോയി. വീട് അടച്ചിട്ടിരുന്നതിനാല്‍ അമ്മിണി തമിഴ്‌നാട്ടില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതായി നാട്ടുകാരും കരുതി. സമീപത്തെ വീട്ടില്‍ നിന്ന് തൂമ്പ കൊണ്ടുവന്ന് ജൂണ്‍ 6ന് കുഴിയെടുത്തശേഷം 7ന് രാത്രി മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നു മൂടി. അമ്മിണിയുടെ വീട്ടില്‍ നിന്ന് ഇന്‍ഡക്ഷന്‍ കുക്കര്‍, തേപ്പുപെട്ടി, റേഡിയോ എന്നിവയെടുത്ത് മണി തന്റെ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടെങ്കിലും പാസ് ഇല്ലാത്തതിനാല്‍ കുമളി വഴി അതിര്‍ത്തി കടക്കാന്‍ സാധിച്ചില്ല.
പിന്നീട് പുറ്റടിയില്‍ എത്തുകയും അവിടെ നിന്ന് പച്ചക്കറി വാഹനത്തില്‍ കയറി തേനിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന്റെ പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍, വണ്ടന്‍മേട് സിഐ വി.എസ്. നവാസ്, കട്ടപ്പന എസ്‌ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.