‘ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നു, ഏത് സമയത്തും അക്രമിക്കപ്പെടാം’; ഇന്ത്യയിലേക്ക് പോകുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലേക്ക് എത്തുന്നവര്‍ കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും അക്രമങ്ങളും ബലാത്സംഗങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഭീകരവാദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കശ്മീര്‍ സന്ദര്‍ശിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ‘ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് അതോറിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദ സഞ്ചാര മേഖലകളിലും മറ്റു സ്ഥലങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ കൂടുതലാണ്.
തീവ്രവാദികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അക്രമിച്ചേക്കാം. വിനോദ സഞ്ചാര മേഖലയും മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തീവ്രവാദികള്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കിഴക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ തെലങ്കാനവരെയും ബംഗാളിലെ പടിഞ്ഞാറന്‍ മേഖലയിലമുള്ള ഗ്രാമങ്ങളിലേക്ക് അമേരിക്കന്‍ സംവിധാനങ്ങള്‍ക്ക് അതിവേഗം എത്തിച്ചേരാനുള്ള പരിമിതികളുണ്ടെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പാകിസ്ഥാനിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലുചിസ്ഥാന്‍, ഖയ്ബര്‍ മേഖലകളിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.