തിരുവനന്തപുരത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മുടപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് (38) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. വീട്ടുകാര്‍ക്കൊപ്പം ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയ്ക്ക് നൂല്‍ജപിച്ച് നല്‍കാന്‍ വഴിപാട് നടത്തിയിരുന്നു. വഴിപാടും പ്രസാദവും കൈമാറാനെന്ന വ്യാജേന വഴിപാട് പുരയിലേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടി ഒച്ചവച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കുകയായിരിന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പോലീസ് വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News