
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബുദ്ഗാമിലെ ഗാല്‍വാന്‍പോറ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വീടിന് 200 മീറ്റര്‍ മാത്രം അകലെയുള്ള പാടത്തുനിന്ന് കണ്ടെത്തിയത്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത ജനരോഷമാണ് ഉയരുന്നത്.
പ്രാഥമിക നിഗമനത്തില്‍ ഇത് ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമാക്കിയ പൊലീസ്, കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ മതപഠനത്തിനായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് പിന്നീട് കാണാതായത്. കുട്ടി തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാവിലെ 7.15 ഓടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി കൈയില്‍ കരുതിയിരുന്ന ഖുറാന്‍ മൃതദേഹത്തിന് സമീപമുള്ള പാടത്തുനിന്ന് കണ്ടെടുത്തു. പ്രദേശത്ത് നിരവധി വീടുകളുണ്ടായിട്ടും കുട്ടിയെ കാണാതായതിലും ആക്രമിക്കപ്പെട്ടതിലും നാട്ടുകാര്‍ കടുത്ത ദുരൂഹത ആരോപിക്കുന്നുണ്ട്.
അന്വേഷണം തികച്ചും സുതാര്യവും ഊര്‍ജ്ജിതവുമായിരിക്കുമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബുദ്ഗാം എസ്.എസ്.പി. ഹരിപ്രസാദ് കെ.കെ. അറിയിച്ചു. കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തരുതെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശക്തമായ ഭാഷയില്‍ അപലപിച്ചു. 'നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് പോലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ എവിടേക്കാണ് പോകുന്നത് എന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്,' എന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി കഠിനമായ ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

