‘മതപ്രീണത്തിന് വേണ്ടി കോണ്‍ഗ്രസ് പടച്ച ഒരു നിയമം മുനമ്പത്ത് ഉള്‍പ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത്? അധികാരത്തില്‍ എത്തിയാല്‍ പത്ത് മിനിറ്റുകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞു; ക്രൈസ്തവരെയല്ല വഖഫ് ബോര്‍ഡ് വെല്ലുവിളിക്കുന്നത് മതേതര കേരളത്തെ; ‘ഉമീദ്’ വിജ്ഞാപനം ഉടനടി റദ്ദാക്കണം; വഖഫ് ബോര്‍ഡിനും സര്‍ക്കാരിനുമെതിരെ തുറന്നടിച്ച് ദീപികയുടെ മുഖപ്രസംഗം

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ വിവാദപരമായ നടപടികള്‍ക്കെതിരെയും വഖഫ് നിയമത്തിലെ വിവേചനങ്ങള്‍ക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് 'ദീപിക' ദിനപത്രത്തിന്റെ മുഖപ്രസംഗം. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതു ചൂണ്ടാക്കിട്ടിയാണ് മുഖപ്രസംഗം. അധികാരത്തിലെത്തിയാല്‍ മുനമ്പം പ്രശ്‌നം പത്തു മിനിട്ടുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പഴയ പ്രസ്താവനയും ഓര്‍മപ്പെടുത്തിയാണ് ദീപികയുടെ വിമര്‍ശനം. 'വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാല്‍ വെട്ടരുത്' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല മതേതര കേരളത്തെയാണ്. വഖഫ് കയ്യേറ്റങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തു. എന്നാല്‍ മുനമ്പത്തെ രക്ഷിക്കാന്‍ ഭേദഗതിയില്‍ ഒന്നും ഇല്ലായിരുന്നു. പിണറായി സര്‍ക്കാര്‍ കുറച്ചൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തില്‍ എത്തിയാല്‍ പത്ത് മിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞത് ഓര്‍മിപ്പിക്കുന്നു എന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. ഇസ്ലാമോഫോബിയ എന്ന ആഗോള പ്രതിഭാസത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇസ്ലാമിക തീവ്രവാദം തന്നെയാണെന്ന ഗുരുതരമായ നിരീക്ഷണവും ഈ മുഖപ്രസംഗം പങ്കുവെക്കുന്നുണ്ട്.

1954-ലെ വഖഫ് നിയമത്തില്‍ 1995-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദമാണ് നിലവിലെ എല്ലാ പ്രതിസന്ധികള്‍ക്കും ആധാരമെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഈ കരിനിയമപ്രകാരം, ഏതെങ്കിലും ഒരു സ്വത്ത് തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡിന് വെറുതെ 'തോന്നിയാല്‍' പോലും, നിലവിലുള്ള ഏത് രജിസ്ട്രേഷന്‍ നിയമങ്ങളെയും ഭൂമി ഇടപാടുകളെയും കാറ്റില്‍പ്പറത്തി അത് സ്വന്തമാക്കാനുള്ള അനിയന്ത്രിതമായ അധികാരം ബോര്‍ഡിന് ലഭിക്കുന്നു. ഇത്തരമൊരു നടപടിയുണ്ടായാല്‍ ഇരകളാക്കപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് രാജ്യത്തെ പരമോന്നത കോടതികളെപ്പോലും നേരിട്ട് സമീപിക്കാനാകില്ല. പകരം വഖഫ് ട്രൈബ്യൂണലുകളെത്തന്നെ ആശ്രയിക്കണം എന്ന നിബന്ധന നീതിനിഷേധത്തിന്റെ ആഴം കൂട്ടുന്നു. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും ചിന്തിക്കാന്‍ പോലും കഴിയാത്ത ഇത്തരമൊരു വിചിത്ര നിയമം എങ്ങനെ ഇന്ത്യയില്‍ പാസാക്കപ്പെട്ടു എന്നത് രാഷ്ട്രമീമാംസകര്‍ ഗൗരവമായി ഗവേഷണം നടത്തേണ്ട വിഷയമാണെന്ന് ദീപിക പരിഹസിക്കുന്നു.

ഈ സവിശേഷ അധികാരം ദുരുപയോഗം ചെയ്തുകൊണ്ടാണ് 2019-ല്‍ മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തങ്ങളുടെ അധ്വാനത്തിന്റെ ഫലമായി വാങ്ങിയ മണ്ണില്‍ ജീവിക്കുന്ന മുനമ്പത്തെ മനുഷ്യരുടെ ജീവിതം അതോടെ ഒരു മതനിയമത്തിന്റെ കാരുണ്യത്തിന് മുന്നില്‍ പൊലിഞ്ഞുപോയി. വഖഫ് കയ്യേറ്റങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നെങ്കിലും മുനമ്പത്തെ ജനങ്ങളെ രക്ഷിക്കാന്‍ തക്കതായ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ചില അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയെങ്കിലും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞതുമില്ല.

ഇതിനിടയിലാണ് മുന്‍പ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മുനമ്പം പ്രശ്‌നം വെറും 'പത്തു മിനിട്ടുകൊണ്ട്' പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പഴയ പ്രസ്താവനയെ മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നത്. കേവലം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മതപ്രീണനത്തിന് വേണ്ടി കോണ്‍ഗ്രസ് പടച്ചുവിട്ട ഈ നിയമം എത്രയെത്ര സംസ്ഥാന സര്‍ക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചതെന്നും, എത്ര രാഷ്ട്രീയ നേതാക്കളെയാണ് നിശബ്ദരാക്കിയതെന്നും ദീപിക ചോദ്യമുയര്‍ത്തുന്നു. കോടതികളെപ്പോലും നിസ്സഹായരാക്കുകയും കേരളീയ സമൂഹത്തില്‍ വലിയ തോതിലുള്ള മതവിഭാഗീയതയ്ക്കും വര്‍ഗീയ ചിന്തകള്‍ക്കും വളമിടുകയും ചെയ്ത ഈ 'മതനിയമവാഴ്ചയ്ക്ക്' ഇനി എന്നാണ് അവസാനമുണ്ടാകുക എന്ന ചോദ്യം തികച്ചും പ്രസക്തമാണ്.

വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകള്‍ വെട്ടിമുറിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, യഥാര്‍ത്ഥ ഇരകളേക്കാള്‍ വലിയ നിസ്സഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ ഭരണകൂടം ആത്മപരിശോധന നടത്തേണ്ടതുണ്ട്. മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള 'ഉമീദ്' വിജ്ഞാപനം ഉടനടി റദ്ദാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. മുനമ്പം തീരത്ത് കുത്തിയിറക്കിയിരിക്കുന്ന വഖഫ് കുറ്റികള്‍ ഓരോന്നായി പിഴുതെടുത്ത് അറബിക്കടലില്‍ എറിയാന്‍ ഭരണകൂടം തയ്യാറാകണം. രാഷ്ട്രീയക്കാരുടെ '10 മിനിറ്റ് വാഗ്ദാനമഴ' നനഞ്ഞ് ഒടുവില്‍ വഴിയാധാരമാകേണ്ടി വന്ന ഇരകള്‍ മതേതരത്വത്തിന്റെ തിരകളെണ്ണി ഇനിയും ആ കടപ്പുറത്തുതന്നെ തുടരുമെന്നും, തങ്ങളുടെ മണ്ണില്‍ നിന്നും അവര്‍ എങ്ങോട്ടും പോകില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ദീപിക തങ്ങളുടെ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മതനിയമങ്ങള്‍ക്കും മുന്നില്‍ സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം പണയം വെയ്ക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ മാധ്യമ ഇടപെടല്‍ നല്‍കുന്നത്.

ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍

വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാല്‍ വെട്ടരുത്

മുനന്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തങ്ങളുടേതെന്നു തങ്ങള്‍ക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താന്‍ അനുവദിക്കുന്ന വഖഫ് വകുപ്പുകള്‍ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങള്‍ എല്ലാവരും ഓര്‍മിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളര്‍ത്തിയതില്‍ വഖഫ് ബോര്‍ഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.

ഇത്തരം കൈയേറ്റങ്ങള്‍ മേലാല്‍ സാധ്യമല്ലാത്തവിധം കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുന്പ് ഈ മതനിയമത്തില്‍ പെട്ടുപോയ മുനന്പം നിവാസികളെ രക്ഷിക്കാന്‍ ഭേദഗതിയില്‍ ഒന്നുമില്ലായിരുന്നു. മുനന്പത്തെ വേട്ട തുടരാന്‍ ബോര്‍ഡിന് അതു സഹായകമായി. പിണറായി സര്‍ക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാല്‍ 10 മിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്.

മുനന്പത്തെ ജനങ്ങള്‍ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവര്‍ക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കര്‍ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതില്‍ വഖഫ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ഒക്ടോബറില്‍ നിരീക്ഷിച്ചിരുന്നു.

വഖഫ് ബോര്‍ഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും കോടതിക്കു പരാമര്‍ശിക്കേണ്ടിവന്നിരുന്നു. ഇതിനെതിരേ വഖഫ് ബോര്‍ഡിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും അപ്പീലില്‍ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിര്‍ണായകം. മതപ്രീണനത്തിനുവേണ്ടി കോണ്‍ഗ്രസ് പടച്ച ഒരു നിയമം മുനന്പത്തുള്‍പ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത് എത്ര സംസ്ഥാന സര്‍ക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത് എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത് എത്ര കോടതികളെയാണ് നിസഹായരാക്കിയത് എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത് കേരളത്തില്‍പോലും എന്തു വര്‍ഗീയചിന്തകള്‍ക്കാണ് അതു വളമിട്ടുകൊടുത്തത് ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ

യഥാര്‍ഥ മുതവല്ലി (കൈവശക്കാരന്‍)യായ ഫാറൂഖ് കോളജ് മുനന്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാല്‍ വഖഫ് ബോര്‍ഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഉമീദില്‍ വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രശ്‌നം പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നിലും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന് ബോര്‍ഡ് അവകാശപ്പെട്ടിരുന്നു. ചുമ്മാ അവകാശപ്പെട്ടാല്‍ മതി; ഒരു രേഖയും വേണ്ട. 1954ലെ വഖഫ് നിയമത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1995ല്‍ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്‌ട്രേഷന്‍ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.

ഇരകള്‍ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ല്‍ കൊച്ചി വൈപ്പിന്‍ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കര്‍ ഭൂമിയും വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരത്തില്‍ ഉള്‍പ്പെടുത്തിയത്. അന്നുമുതല്‍ മുനന്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകള്‍ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകര്‍ ഗവേഷണം നടത്തേണ്ടതാണ്.

കെ-റെയില്‍ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോള്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, ''സ്ഥലം ഏറ്റെടുക്കാന്‍ നാട്ടിയ മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും. ആ മനുഷ്യര്‍ക്കു സ്വന്തം സ്ഥലം വില്‍ക്കാനോ ആര്‍ക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്'' എന്നാണ്. അതേ അവസ്ഥയിലാണ് മുനന്പത്തെ മനുഷ്യര്‍. മുനന്പം ഭൂമി വഖഫല്ലെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 10 മിനിറ്റുകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോര്‍ഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാന്‍

ഇസ്ലാമോഫോബിയ പലരും വളര്‍ത്തുന്നുണ്ടാകും. പക്ഷേ, അതു നിര്‍മിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിന്റെ ഈറ്റില്ലങ്ങളില്‍ ഒന്ന് വഖഫ് നിയമവും അതിന്റെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോര്‍ഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോര്‍ഡ് ഇരുളിന്റെ മറവിലെത്തുന്‌പോള്‍ മുനന്പത്തുകാര്‍ പേടിക്കാതിരിക്കുമോ 2025ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ സ്വീകരിച്ച നിലപാട് മുനന്പത്തുകാര്‍ക്ക് അനുകൂലമായിരുന്നു.

1950ല്‍ ഫാറൂഖ് മാനേജ്‌മെന്റിനു നല്‍കിയ എന്‍ഡോവ്‌മെന്റ് ആധാരം വഖഫ് സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ഇടപാടു നടന്ന് 69 വര്‍ഷത്തിനുശേഷം മുനന്പം ഭൂമി അവകാശപ്പെട്ട് വഖഫ് ബോര്‍ഡ് നടത്തിയ ഏകപക്ഷീയ വിജ്ഞാപനം സര്‍ക്കാരും കോടതിയും പരിശോധിക്കേണ്ടതാണെന്നുമായിരുന്നു വാദം. മുനന്പത്തേതു വഖഫ് സ്വത്തല്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, മതപ്രീണനക്കാര്‍ സൃഷ്ടിച്ച വഖഫ് വകുപ്പുകള്‍ അങ്ങേയറ്റം മനുഷ്യവിരുദ്ധവും പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനുപോലും കുരുക്കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിപ്പോയി. വിറ്റവരെയും വാങ്ങിയവരെയും തല്ലിയോടിച്ച് സ്വത്തു തട്ടിയെടുക്കുന്നവര്‍ക്കു നിയമ പരിരക്ഷ കൊടുക്കുന്ന നിയമം!

വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകള്‍ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്‌പോള്‍, ഇരകളേക്കാള്‍ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. വഖഫ് ബോര്‍ഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനന്പത്തെ വഖഫ് കുറ്റികള്‍ പറിച്ച് അറബിക്കടലില്‍ എറിയണം. അതുവരെ '10 മിനിറ്റ് വാഗ്ദാനമഴ' നനഞ്ഞ ഇരകള്‍ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News