പത്തു വയസ്സുകാരിയുടെ കൂട്ടബലാത്സംഗം, വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും; വീഡിയോ പുറത്തുവന്നതോടെ തമിഴ്നാട് പൊലീസിന് നേരെ രൂക്ഷമായ വിമർശനം

ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചും തമാശ പറഞ്ഞും പെരുമാറിയത് വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (DIG) ആര്‍.വി. രമ്യ ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലജ്ജാകരമായ ഈ പെരുമാറ്റമുണ്ടായത്. ക്രൂരമായ ഒരു കുറ്റകൃത്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലെ ഉദ്യോഗസ്ഥരുടെ ഈ മനോഭാവം സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കേസിലെ പ്രതികളെ അതിവേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് ഡിഐജി രമ്യ ഭാരതി ഉള്‍പ്പെടെയുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പൊട്ടിച്ചിരിക്കുകയും പരസ്പരം തമാശകള്‍ പങ്കുവെക്കുകയും ചെയ്തത്. കേസിന്റെ ഗൗരവത്തെ ഒട്ടും ഉള്‍ക്കൊള്ളാതെയുള്ള ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. പിഞ്ചുകുഞ്ഞിന് നേരിടേണ്ടി വന്ന ക്രൂരതയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്ന ഒരു ഔദ്യോഗിക ചടങ്ങില്‍ ഇത്രയും ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ഇത്രയും അലസമായും ചിരിച്ചുകൊണ്ടും സംസാരിക്കാന്‍ സാധിക്കുന്നത് എന്നാണ് ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്.

യുട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ വീഡിയോ വൈറലായതോടെ പോലീസിന്റെ ഈ അനാസ്ഥയ്ക്കും മനുഷ്യത്വമില്ലായ്മയ്ക്കുമെതിരെ ജനങ്ങളും സാമൂഹിക പ്രവര്‍ത്തകരും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. അയല്‍വാസി ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ ചേര്‍ന്ന് ഇരുചക്ര വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി, തെങ്ങിന്‍തോട്ടത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പത്ത് വയസ്സുകാരിയുടെ വിയോഗത്തില്‍ രാജ്യം നടുങ്ങിനില്‍ക്കുമ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ അപക്വമായ പെരുമാറ്റം. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News