കുടുംബമേളയില്‍ സൗണ്ട് സിസ്റ്റത്തിന്റെ കരാര്‍ എടുത്തത് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ ഭര്‍ത്താവ്; കണ്‍സള്‍ട്ടേഷന് പോലും പണം വാങ്ങിയെന്ന് ആരോപണം; സംഗീത പരിപാടിയുടെ പേരിലും വന്‍ തുകയുടെ വെട്ടിപ്പ്; കാറ്ററിങ്ങിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടി; അമ്മ’യിലെ പൊട്ടിത്തെറിക്ക് കാരണം വൻ സാമ്പത്തിക തട്ടിപ്പെന്ന് സൂചന; ശ്വേതാ മേനോനും കുക്കു പരമേശ്വരനും രണ്ട് ചേരിയിൽ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ (AMMA) ഭാരവാഹികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ചേരിപ്പോരും മുറുകുന്നതിനിടെ നിലവിലെ പൊട്ടിത്തെറിക്ക് പിന്നില്‍ സാമ്പത്തിക തട്ടിപ്പെന്ന് സൂചന. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതില്‍ വന്‍ തുക വെട്ടിപ്പ് നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഗീത പരിപാടിയുടെ പേരിലും വെട്ടിപ്പ് നടന്നെന്ന് ആക്ഷേപമുണ്ട്. കാറ്ററിങ്ങിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് മറ്റൊരു ആരോപണം. സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും കാരണം സംഘടന ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയെയാണ് അഭിമുഖീകരിക്കുന്നത്. പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും രണ്ട് ചേരിയിലാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ സംഘടനയിലെ പ്രതിസന്ധി അതീവ ഗുരുതരമായിരിക്കുകയാണ്.

സംഘടനയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രധാന തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ ‘അമ്മ’യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് നടന്ന വന്‍ സാമ്പത്തിക ക്രമക്കേടുകളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് വന്‍ തുക വെട്ടിപ്പ് നടത്തിയെന്നാണ് ഒരു വിഭാഗം ഭാരവാഹികള്‍ ആരോപിക്കുന്നത്. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗത്തിന്റെ ഭര്‍ത്താവായിരുന്നു ഈ സൗണ്ട് സിസ്റ്റത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്നത്. ഇയാള്‍ കണ്‍സള്‍ട്ടേഷനായി പോലും വലിയ തുക ഈടാക്കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാറ്ററിങ് കരാറിന്റെ പേരിലും അഞ്ച് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി ആക്ഷേപമുണ്ട്; കഴിഞ്ഞ തവണ കാറ്ററിങ് നടത്തിയവര്‍ക്ക് പകരം ഇത്തവണ പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം വെറും നാല് ലക്ഷം രൂപയ്ക്ക് നടത്തിയ സംഗീത പരിപാടിയുടെ ചിലവ് ഇത്തവണ 11 ലക്ഷം രൂപയായി ഉയര്‍ത്തി കാണിച്ചതായും ആരോപണമുണ്ട്. ഈ സാമ്പത്തിക ഇടപാടുകളിലെല്ലാം ഒരു പ്രത്യേക എക്സിക്യൂട്ടീവ് അംഗത്തിന് പങ്കുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇതിനുപുറമെ, അമ്മയിലെ പൊട്ടിത്തറികള്‍ക്ക് പിന്നാലെ രൂപീകരിച്ച അച്ചടക്ക സമിതിക്ക് വേണ്ടി മാത്രം ജനറല്‍ സെക്രട്ടറി മറ്റുള്ളവരോട് ആലോചിക്കാതെ 95,000 രൂപ ചിലവാക്കിയതായും കുറ്റപ്പെടുത്തലുകളുണ്ട്.

അതോടൊപ്പം തെരഞ്ഞെടുപ്പ് സമയത്ത് യുവാക്കളെ വോട്ട് ചെയ്യിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ആ ക്യാംപയിന്‍ ഏറ്റെടുത്തത് ‘അമ്മ’യിലെ ഒന്നോ രണ്ടോ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്നായിരുന്നു. തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കിയാണ് ഇത്തരത്തില്‍ ക്യാംപയിന്‍ ഏറ്റെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണം പോലും തട്ടിയെടുത്തെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ചേരിയിലാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളുള്ളത്.

സാമ്പത്തിക തര്‍ക്കങ്ങള്‍ക്കൊപ്പം ‘അമ്മ’യെ ഉലയ്ക്കുന്നത് നടി അന്‍സിബ ഹസനും നടന്‍ ടിനി ടോമും തമ്മിലുള്ള വ്യക്തിപരമായ പോരാണ്. ടിനി ടോം തനിക്കെതിരെ നിരന്തരം വ്യക്തിഹത്യ നടത്തുന്നുവെന്നും, തന്നെ ‘മതതീവ്രവാദി’ എന്നും ‘ജിഹാദി’ എന്നും വിളിച്ചെന്നും ആരോപിച്ചാണ് അന്‍സിബ ‘അമ്മ’യില്‍ നിന്നും രാജിവെച്ചത്. ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അന്‍സിബയുടെ തീരുമാനം. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച നടത്തി നിയമോപദേശം തേടിയ നടിക്ക്, പരാതി നിയമപരമായി നിലനില്‍ക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ കേസ് ഫയല്‍ ചെയ്യാനാണ് നീക്കം. അന്‍സിബയുടെ ആരോപണങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് നടി നീന കുറുപ്പും രംഗത്തെത്തിയിട്ടുണ്ട്. മെയ് 12-ന് തന്നെ നീന കുറുപ്പ് ടിനി ടോമിനെതിരെ ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. കുടുംബ സംഗമത്തിന്റെ റിഹേഴ്സലിനിടെ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും, അസഭ്യവും അശ്ലീല പ്രയോഗങ്ങളും നടത്തിയെന്നും പരാതിയില്‍ പറയുന്നു. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പ് വ്യക്തമാക്കി. ഈ കേസില്‍ നീന കുറുപ്പിനെ പ്രധാന സാക്ഷിയാക്കാനാണ് അന്‍സിബയുടെ തീരുമാനം.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ടിനി ടോം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു. സ്വന്തം തിരക്കുകള്‍ കാരണമാണ് രാജിവെക്കുന്നതെന്നാണ് അന്‍സിബ ആദ്യം പറഞ്ഞിരുന്നതെന്നും, ഇപ്പോള്‍ നടക്കുന്നത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നും ടിനി പ്രതികരിച്ചു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ബഹളങ്ങളും ചീത്തവിളികളും ഉണ്ടാകാറുണ്ടെന്നും അതല്ലാതെ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കിയ ടിനി ടോം, തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും താന്‍ ആരെയും ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, അമ്മ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും പ്രസിഡന്റായ താന്‍ അറിയുന്നില്ലെന്ന് തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോന്‍ രംഗത്തെത്തിയത് സംഘടനയിലെ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി പറയാറില്ലെന്നും തന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. ബൈലോ പഠിപ്പിക്കാന്‍ വന്ന അഭിഭാഷകനാണ് സെക്രട്ടറി പദവിയാണ് ഉയര്‍ന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതെന്നും, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അഭിമാനത്തോടെ മാറിനില്‍ക്കുമെന്നും ശ്വേത വ്യക്തമാക്കി.

‘കുറച്ചുമാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറയാറില്ല. എന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്. അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അഭിമാനത്തോടെ മാറി നില്‍ക്കും. ബൈലോ പഠിപ്പിക്കാന്‍ വന്ന വക്കീലാണ് സെക്രട്ടറിയാണ് ഉയര്‍ന്ന പദവി എന്ന് പറഞ്ഞത്. അങ്ങനെയാണ് എല്ലാവര്‍ക്കും തെറ്റിദ്ധാരണ ഉണ്ടായത്. കുക്കു പരമേശ്വരന്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകനായിരുന്നു അത്. ഈ പ്രതിസന്ധികളെല്ലാം മറികടക്കും’; ശ്വേതാ മേനോന്‍ പറഞ്ഞു.

നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ശ്വേത പ്രതികരിച്ചു. വക്താവല്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അന്‍സിബ മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് പരാതി മെയില്‍ ചെയ്തതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. ലക്ഷ്മിപ്രിയയുമായി ഉണ്ടായ കേസ് വ്യക്തിപരമാണെന്നും അതില്‍ അമ്മ സംഘടനയ്ക്ക് പങ്കില്ലെന്നും ശ്വേത വ്യക്തമാക്കി. ഇത് അമ്മയുടെ പ്രശ്നമല്ലെന്ന് പറഞ്ഞിരുന്നു. അതിനെയാണ് അന്‍സിബ പരിഹസിച്ചത്. അന്‍സിബ ഇപ്പോഴും അനിയത്തിയെപ്പോലെ ആണെന്നും കാര്യങ്ങളെല്ലാം ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. എല്ലാ തെളിവുകളും കൈവശമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ ഭാരവാഹികളെ പിരിച്ചുവിടണമെന്ന മാലാ പാര്‍വ്വതിയുടെ പ്രസ്താവന വിഷമം കൊണ്ടായിരിക്കാം എന്നും ശ്വേത മേനോന്‍ പറഞ്ഞു. എന്തായാലും വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ‘അമ്മ’ സംഘടനയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

The ongoing rift within the actors’ association ‘AMMA’ has taken a critical turn with reports suggesting financial fraud behind the internal explosion. Allegations have been raised by a faction regarding major financial misappropriation in renting the sound system for a family meet, conducting a music program, and pocketing ₹5 lakh in the name of catering. With individual insults and a massive communication gap peaking, the crisis has worsened as President Swetha Menon and General Secretary Kukku Parameswaran are reportedly leading two opposing factions.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News