ഗള്‍ഫിലേക്കുള്ള മടക്കയാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം; പ്രവാസി വ്യവസായിയും ഭാര്യയും തൂങ്ങി മരിച്ചതിന് പിന്നിലെന്ത്? മൃതദേഹങ്ങള്‍ കത്തിക്കാതെ മണ്ണില്‍ അടക്കി; ആത്മഹത്യാക്കുറിപ്പുകളും ലഭിച്ചില്ല; ദുരൂഹത നീക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പോലീസ്

റാസല്‍ഖൈമ: പ്രവാസ ലോകത്തെ നടുക്കുന്ന മരണങ്ങള്‍ കുറച്ചു ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കയാണ്. ഷാര്‍ജയില്‍ മലയാളി യുവതി മകളെ കെട്ടിടത്തില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി യുവതി മരിച്ച സംഭവവും പ്രവാസികളെ നടുക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രവാസ ലോകത്ത് മറ്റൊരു ദമ്പതികളുടെ മരണവും ചര്‍ച്ചയാകുന്നത്. നാല് പതിറ്റാണ്ടിലേറെയായി റാസല്‍ഖൈമയില്‍ പ്രവാസികളായ കൊല്ലം കടയ്ക്കല്‍ അഞ്ചുമുക്ക് ഉഷസ്സില്‍ എസ്. സുഗതന്‍ (67), ഭാര്യ ലത (65) എന്നിവരെയാണ് നാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുഎഇയിലേക്ക് തിരികെ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ദുരന്തം. മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് യുഎഇയിലുള്ള മക്കളും നാട്ടിലെത്തിയിട്ടുണ്ട്. റാസല്‍ഖൈമയില്‍ സ്വന്തമായി നിര്‍മാണക്കമ്പനിയും റസ്റ്ററന്റും നടത്തിവരുന്ന സുഗതന്‍ നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായിരുന്നു. വര്‍ഷങ്ങളായി യുഎഇയിലും നാട്ടിലുമായി സമയം പങ്കിട്ടായിരുന്നു ഇവരുടെ ജീവിതം. ചെറിയൊരു അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയ ഇവര്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ മടങ്ങാന്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെയായിട്ടും ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. മുറിയില്‍നിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെയാണ് വീട്ടുകാര്‍ വിവരമറിയിച്ചത്.

ബന്ധുക്കളെത്തി മുറിയില്‍ നിന്ന് യാതൊരു പ്രതികരണവുമില്ലാതായതോടെ സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് സുഗതനെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലതയെ കട്ടിലില്‍ അബോധാവസ്ഥയിലും കണ്ടെത്തിയത്. ലതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുഗതന്‍ ആത്മഹത്യ ചെയ്തതാണെന്ന സംശയമുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെങ്കിലും സംസ്‌കാര ചടങ്ങില്‍ വലിയൊരു അസ്വാഭാവികത ദൃശ്യമായി. സാധാരണ ഹൈന്ദവാചാരപ്രകാരമുള്ള ശ്മശാന സംസ്‌കാരത്തിന് (ചിതകൂട്ടി കത്തിക്കുന്നതിന്) പകരം ഇരുവരുടെയും മൃതദേഹങ്ങള്‍ മണ്ണില്‍ അടക്കം ചെയ്യുകയായിരുന്നു കുടുംബം ചെയ്തത്. കേസില്‍ ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള വലിയ ദുരൂഹതകള്‍ ഉയര്‍ന്നുവരികയോ, മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടും പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരികയോ ചെയ്താല്‍ പ്രയോജനപ്പെടട്ടെ എന്ന മുന്‍കരുതലിന്റെ ഭാഗമായാണ് ദമ്പതികളുടെ മൃതദേഹം കത്തിക്കാതെ മണ്ണില്‍ അടക്കാന്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.

1979 മുതല്‍ റാസല്‍ഖൈമയില്‍ പ്രവാസിയായ സുഗതന്‍ അവിടുത്തെ മലയാളി പ്രവാസികളുടെ പ്രിയപ്പെട്ടവനായിരുന്നു. എസ്.എന്‍.ഡി.പി യോഗം സേവനം സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. മികച്ച നിലയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിരുന്ന സുഗതന് കോവിഡ് കാലത്ത് ഇത്തിരി സാമ്പത്തിക പ്രയാസം നേരിട്ടിരുന്നുവെങ്കിലും അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. റാസല്‍ഖൈമയിലും നാട്ടിലുമായി ഒട്ടേറെ സമ്പത്തും കോടികളുടെ ആസ്തിയുമുള്ളതിനാല്‍ മരണകാരണം സാമ്പത്തിക ബാധ്യതയാണെന്ന് കരുതുന്നില്ലെന്ന് സുഹൃത്തുക്കള# പറയുന്നു.

സുഗതന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ റാസല്‍ഖൈമയിലെ പ്രവാസി സമൂഹം ഒന്നാകെ ഞെട്ടലിലാണ്. 'എന്ത് ചെയ്യാന്‍, പണം ജീവിതത്തില്‍ സമാധാനം നല്‍കില്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സന്ദേശം' എന്നാണ് സുഗതന്റെ അടുത്ത സുഹൃത്തുക്കള്‍ വിതുമ്പലോടെ ഓര്‍ക്കുന്നത്. റാക് അസോസിയേഷന്‍ ഭാരവാഹികളടക്കം നിരവധി പ്രമുഖര്‍ സുഗതന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സമ്പത്തും ആഡംബര ജീവിതവുമുണ്ടായിട്ടും ഈ ദമ്പതികളെ മരണത്തിലേക്ക് നയിച്ച ആ രഹസ്യം എന്താണെന്നത് ചുരുളഴിക്കാന്‍ കടയ്ക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News