കോട്ടയം: പിളര്‍പ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പാര്‍ട്ടി ചിഹ്നത്തെച്ചൊല്ലിയും തര്‍ക്കം.കെ.എം.മാണിയുടെ വിയോഗത്തേത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിയ്ക്കാനാവില്ലെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് അറിയിച്ചു.യു.ഡി.എഫ് പ്രഖ്യാപിയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും എന്നാല്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയല്ലാത്ത കെ.എ.ആന്റണി ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാനസമിതിയെന്ന പേരില്‍ യോഗം വിളിച്ചത്.പിളര്‍പ്പ് ആഗ്രഹിച്ചവര്‍ മൂന്നു മിനിട്ടുകൊണ്ട് പാര്‍ട്ടി പിളര്‍ത്തി. ഇതിന്റെ പരിണിത ഫലം ജോസ് കെ മാണി പാലായില്‍ അനുഭവിയ്ക്കുമെന്നും ജോസഫ് പറഞ്ഞു.
അതേ സമയം രണ്ടില ചിഹ്നത്തെപ്പറ്റി സംസാരിക്കാന്‍ പി ജെ ജോസഫിന് അവകാശമില്ലെന്ന് ജോസ് കെ മാണി വിഭാഗം തിരിച്ചടിയ്ക്കുന്നു. കെ എം മാണി പടത്തുയര്‍ത്തിയ കര്‍ഷക രാഷ്ട്രീയത്തിന്റെ ഉന്നതമായ പ്രതീകമാണ് രണ്ടില ചിഹ്നം. ആ ചിഹ്നം ജോസ് കെ മാണി ചെയര്‍മാനായ കേരള കോണ്ഗ്രസിന് തന്നെ ലഭിക്കും എന്നതില്‍ യാതൊരു സംശയത്തിനും ഇടയില്ലെന്ന് ജോസ് കെ മാണി വിഭാഗം ജനറല്‍ സെക്രട്ടറി അലക്‌സ് കോഴിമല പറഞ്ഞു. ചെയര്‍മാന്‍ , വര്‍ക്കിങ് ചെയര്‍മാന്‍ , ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് , പാര്‍ലെമന്ററി പാര്‍ട്ടി ലീഡര്‍ എന്നീ പദവികള്‍ എല്ലാം സ്വയം അവരോധിച്ച പി ജെ ജോസഫ് ഇപ്പോള്‍ ഇലക്ഷന്‍ കമ്മിഷന്‍ ആയി സ്വയം ചമയുകയാണെന്നും അലക്‌സ് കോഴിമല ആരോപിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിയ്‌ക്കെ കേരള കോണ്‍ഗ്രസിന് വൈകാരിക അടുപ്പമുള്ള പാലായില്‍ കെ.എം.മാണിയുടെ പിന്തുടര്‍ച്ചക്കാരന് ഇതോടെ രണ്ടില ചിഹ്നം അപ്രാപ്യമാക്കുന്ന നിലയിലാണ് കാര്യങ്ങള്‍ എത്തുന്നത്.കോടതികളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും കേസുകള്‍ നടക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ ചിഹ്നം മരവിപ്പിയ്ക്കാനാണ് സാധ്യത.