‘ഡി.വൈ.എഫ്.ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളോ’ ചെന്നിത്തലയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുള്ളോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്. പീഡന കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഡിവൈഎഫ്ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി.

കൊവിഡ് സര്‍ട്ടിഫിക്കറ്റിനായി സഹായം തേടിയ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പ്രദീപ് കുമാര്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. എന്‍ജിഒ അസോസിയേഷന്‍ കാറ്റഗറി സംഘടനയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. കൊവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പോലീസിന് അധിക ചുമതല നല്‍കിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News