ഓണ്‍ലൈന്‍ ഗെയിമില്‍ പരാജയപ്പെടുത്തി; 11 വയസുകാരന്‍ ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തി

ഇന്‍ഡോര്‍: ഓണ്‍ലൈന്‍ ഗെയിമിന്റെ പേരില്‍ ഒന്‍പത് വയസുകാരിയെ 11 വയസുകാരന്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഇന്‍ഡോറിലെ ലസുദിയയിലാണ് സംഭവം. അയല്‍വാസികളായ പെണ്‍കുട്ടിയും ബാലനും കളിച്ച ഓണ്‍ലൈന്‍ ഗെയിമില്‍ പെണ്‍കുട്ടി തന്നെ പരാജയപ്പെടുത്തിയതില്‍ പ്രകോപിതനായാണ് ആണ്‍കുട്ടി ക്രൂരകൃത്യം ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഒരു ദ്വീപില്‍ നിലനില്‍ക്കാന്‍ ആളുകള്‍ പരസ്പരം കൊല്ലേണ്ടി വരുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇരുവരും കളിച്ചത്. ഈ കളി നിയമത്തിന്റെ ഭാഗമായി പെണ്‍കുട്ടി തന്നെ നിരവധി തവണ തല്ലി പരാജയപ്പെടുത്തി. ഇതാണ് ആണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. പരാജയത്തില്‍ മനംനൊന്ത ആണ്‍കുട്ടി, പെണ്‍കുട്ടിയെ സമീപത്തെ വയലില്‍ കൊണ്ടുപോയി കല്ലിന് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രതി ബാത്ത്റൂമില്‍ ഒളിച്ചു. ഉച്ചതിരിഞ്ഞ് പെണ്‍കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതിനിടെ ആണ്‍കുട്ടിയെയും കാണാനില്ലെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് പ്രതിയെ ബാത്ത് റൂമില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇയാളെ അനുനയിപ്പിച്ച് പുറത്തെത്തിച്ചു. തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം ആണ്‍കുട്ടി വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News