FeaturedKeralaNews

ഹരിപ്പാട് അമ്മയെപ്പോലെയെന്ന് രമേശ് ചെന്നിത്തല, നേമത്ത് കാത്തിരുന്നു കാണൂവെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി:ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്നും അവിടുത്തെ ജനങ്ങൾ തന്നെ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ടെന്നുമാണ് ചെന്നിത്തല പറയുന്നത്. നേമത്ത് മത്സരിക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണുവെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കേരളത്തിൽ തിരിച്ചെത്തി.

ഞാൻ ഹരിപ്പാടാണ് മത്സരിക്കുന്നത്. ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ജനങ്ങൾ അത്രമാത്രം എന്നെ സ്നേഹിക്കുന്നു അത് കൊണ്ട് ഹരിപ്പാട് വിട്ട് പോകാൻ തയ്യാറല്ല. ഇതായിരുന്നു നേമത്തെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ ചെന്നിത്തലയുടെ പ്രതികരണം. പ്രതിപക്ഷ നേതാവാണ് 140 നിയോജക മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നേമത്തെ പറ്റി ചോദിചപ്പോൾ കാത്തിരുന്ന് കാണൂ എന്ന് മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് പറയാനുണ്ടായിരുന്നത്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തർക്കവും ഇല്ലെന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്. എന്ത് കൊണ്ട് പ്രഖ്യാപനം വൈകുന്നുവെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സമയം ഇഷ്ടം പോലയുണ്ടല്ലോ എന്നായിരുന്നു മറുപടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആയിരുന്നു അദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും പിന്നീട് എന്താണുണ്ടായതെന്ന് അറിയാമല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ മറു ചോദ്യം. കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

സിപിഎമ്മിലുള്ളത്ര പ്രതിഷേധങ്ങൾ കോൺഗ്രസിലില്ലെന്ന് പറ‌ഞ്ഞ ചെന്നിത്തല ലിസ്റ്റ് വന്ന് കഴിയുമ്പോൾ എല്ലാവരും അഭിനന്ദിക്കുമെന്നും അവകാശപ്പെട്ടു.

https://youtu.be/-LdHJYAtXmg

സ്ഥാനാർത്ഥി നിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും പ്രഖ്യാപനത്തിന് മുൻപ് മടങ്ങിയത് പ്രശ്ന പരിഹാരത്തിന് വേണ്ടിയാണെന്നാണ് സൂചന. തർക്ക മണ്ഡലങ്ങളിലെ നേതാക്കളുമായി ഇരുവരും നേരിട്ട് സംസാരിക്കും. 81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുവെന്നും ഇനി 10 മണ്ഡലങ്ങളുടെ കാര്യത്തിലേ തീരുമാനം എടുക്കേണ്ടതുള്ളൂവെന്നുമാണ് ഇന്നലെ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ നേമം ഉൾപ്പടെ തർക്കമുളള പത്തുസീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുളള കോൺഗ്രസിന്റെ ചർച്ച ഇന്നും തുടരും. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും.91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

നേമത്തെ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് കോൺഗ്രസ് 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി എന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. കരുത്തനായ നേതാവ് മത്സരിക്കുമെന്ന് കെ.പി.സി.സി.അധ്യക്ഷൻ പ്രഖ്യാപിച്ച നേമം മണ്ഡലവുമായി ബന്ധപ്പെട്ട തുടർചർച്ചകൾ ഇന്ന് നടക്കും. ഇന്നുതന്നെ പത്തുസീറ്റുകളുടെ കാര്യത്തിൽ തർക്കങ്ങൾ ഒഴിവാക്കി ധാരണയിലെത്താനുളള തീവ്രശ്രമത്തിലാണ് നേതാക്കൾ.

നേമത്തിന് പുറമേ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂർ, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂർ എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോഴും തർക്കമുളളത്. കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരാണ് ആദ്യം ഉയർന്നത്.എന്നാൽ ഇപ്പോൾ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയിൽ നിന്ന് മത്സരിക്കുമെന്നുമാണ് പറയുന്നത്. ഇതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. തൃപ്പൂണിത്തുറയിൽ കെ.ബാബുവിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഉമ്മൻചാണ്ടി കെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

നിലമ്പൂരിൽ ഒരുപക്ഷേ ടി.സിദ്ദീഖ് സ്ഥാനാർഥിയായേക്കാം അവിടെയും തർക്കം നിലനിൽക്കുകയാണ്. കല്പറ്റയിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുളള സ്ഥാനാർഥി വേണമെന്നാണ് കോൺഗ്രസ് നിലപാട്. ഒരു പ്രാദേശിക നേതാവിനെയും മണ്ഡലത്തിന് പുറത്തുളള ഒരു നേതാവിനെയുമാണ് ഇവിടെ പരിഗണിക്കുന്നത്. ആറന്മുളയിലും തർക്കമുണ്ട്. ഇവിടെ ശിവദാസൻ നായർ, പി.മോഹൻദാസ് നായർ എന്നിവരുടെ പേരുകളാണ് ഉയർന്നിരിക്കുന്നത്. കാഞ്ഞിരപ്പിള്ളിയിൽ ജോസഫ് വാഴയ്ക്കനെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ സീറ്റും അവസാനഘട്ടത്തിൽ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button