തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിക്ക് നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനായിരുന്നു പദ്ധതി. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കരാര്‍ നല്‍കിയത്. ടെണ്ടര്‍ വിളിക്കാതെയും ഷോട്ട്‌ലിസ്റ്റ് ചെയ്യാതെയുമാണ് കരാര്‍ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റ് ഏഴിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് കരാര്‍ നല്‍കാനാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
സെബി 2018 മാര്‍ച്ച് 31ന് രണ്ടു വര്‍ഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനിക്കെതിരെ രാജ്യത്ത് നിയമ നടപടികള്‍ നടക്കുന്നുണ്ട്. സത്യം കുംഭകോണം അടക്കം ഒന്‍പതു കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് എ.പി. ഷാ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ ഇക്കാര്യം ചുണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബിഐ ഡയറക്ടര്‍ക്കും ആര്‍ബിഐ ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. പ്രശാന്ത് ഭൂഷനും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ കമ്പനിയോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര താല്‍പര്യമെന്നും ചെന്നിത്തല ചോദിച്ചു. കരാര്‍ നല്‍കിയത് ഗതാഗത മന്ത്രി അറിഞ്ഞിരുന്നോ, സെബി നിരോധിച്ച കമ്പനിക്ക് എന്തിന് മൂന്ന് കരാര്‍ നല്‍കി, കരാര്‍ നല്‍കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തുടങ്ങിയ ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചു.