KeralaNews

രാഖിൽ മാനസയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ, സൗഹൃദം പിന്നീട് ശല്യമായി മാറി; ഒടുവിൽ പകമൂത്ത് കൊലപാതകം

കൊച്ചി:കോതമംഗലത്ത് ഡെന്റൽ ഹൗസ് സർജൻസി ചെയ്യുന്ന മാനസയെ യുവാവ് വെടിവെച്ച് കൊല്ലുകയും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ രഖില്‍ എന്ന യുവാവാണ് കൊലയ്ക്ക് ശേഷം സ്വയം വെടിവെച്ച് മരിച്ചത്.

രണ്ടു വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈ എസ് പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.ശല്യപ്പെടുത്തുകയില്ലെന്ന് രഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.

കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നു. രഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്.

മാനസ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകുമെന്നാണ് പൊലീസ് കരുതുന്നത്. മാനസയെ രാഹിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിക്കുപിന്നിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.

രണ്ടു മാസം മുൻപാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. ഇന്നലെയും ഇന്നുമെല്ലാം വീട്ടിലേക്ക് ഫോൺ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button