ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടി സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ഒരു കേസിനെ കുറിച്ചുള്ള വിവരം മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതി കണക്കിലെടുത്താണ് പത്രിക തള്ളിയത്
ബിജെപിയുടെ രാജ്യസഭാസ്ഥാനാർഥി മഹേഷ് കെവാടാണ് പരാതി നൽകിയത്. തെലങ്കാനയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ക്രിമിനൽ കേസ്, മീനാക്ഷി മനഃപൂർവം മറച്ചുവെച്ചെന്നായിരുന്നു മഹേഷിന്റെ പരാതി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് മീനാക്ഷി.
അതേസമയം, മീനാക്ഷിക്കെതിരേ കേസുകളൊന്നുമില്ലെന്നും അവരെ അപമാനിക്കാനാണ് ബിജെപി ഇത്തരം കേസുകൾ കൊണ്ടുവന്നതെന്നും മധ്യപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരി പറഞ്ഞു. കോടതിയിൽനിന്നൊരു കാരണം കാണിക്കൽ നോട്ടീസ് മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് നാമനിർദേശപത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ചേർക്കണം എന്നത് അനിവാര്യമല്ല. പേരിൽ കേസുണ്ടെങ്കിൽ വ്യക്തമാക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശത്തിലുള്ളത്. അല്ലാതെ നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ അല്ല. സാങ്കേതികമായി മീനാക്ഷിയുടെ നാമനിർദേശപത്രിക തള്ളാനാകില്ല, ചൗധരി കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുന്നത്. അംഗബലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുക. മുതിർന്ന നേതാക്കളായ തരുൺ ചുഘിനെയും രജ്‌നീഷ് അഗ്രവാളിനെയും അവർ രംഗത്തിറക്കുകയും ചെയ്തു. പിന്നാലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവച്ച് മൂന്നാമത്തെ സ്ഥാനാർഥിയായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ മഹേഷ് കെവാടിനെ ബിജെപി അവതരിപ്പിക്കുകയായിരുന്നു.
229 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. ബിജെപിക്ക് 164 അംഗങ്ങളും കോൺഗ്രസിന് 64 അംഗങ്ങളും ഭാരതീയ ആദിവാസി പാർട്ടിക്ക് ഒരു അംഗവുമാണുള്ളത്. 58 വോട്ടുകളാണ് ജയിക്കാൻ ഒരു രാജ്യസഭാ സ്ഥാനാർഥിക്ക് ആവശ്യം. അങ്ങനെ നോക്കുമ്പോൾ രണ്ട് സ്ഥാനാർഥികളെയാണ് ഫസ്റ്റ് പ്രിഫറൻസ് വോട്ടു നൽകി ബിജെപിക്ക് ജയിപ്പിക്കാനാവുക. മൂന്നാമത്തെ സ്ഥാനാർഥിക്കായി അവരിൽ അവശേഷിക്കുന്നതാകട്ടെ 48 വോട്ടുകൾ മാത്രമാണ്. ജയിക്കണമെങ്കിൽ ഇനിയും പത്ത് വോട്ടുകൾ കൂടിവേണം. സാഹചര്യം ഇങ്ങനെയായിട്ടും മൂന്നാമതൊരു സ്ഥാനാർഥിയെ കൂടി ബിജെപി രംഗത്തിറക്കുകയായിരുന്നു.
മീനാക്ഷിയെ സ്ഥാനാർഥിയാക്കിയ കോൺഗ്രസിന് നിയമസഭയിലുള്ള അംഗങ്ങളുടെ എണ്ണം 61 ആണ്. ഭാരതീയ ആദിവാസി പാർട്ടി എംഎൽഎ കമലേശ്വർ ദോദിയാറും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. അതിനിടെയാണ് മഹേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മീനാക്ഷിയുടെ നാമനിർദേശ പത്രിക തള്ളിയത്.
അതിനിടെ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നാലെ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയിരുന്നു. ക്രോസ് വോട്ടിങ് തടയുകയായിരുന്നു ഇതിലൂടെ പാർട്ടി ലക്ഷ്യം വെച്ചത്.

