തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതോടെ ജോസ് കെ മാണി കേരള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ആയേക്കും..
രാജ്യസഭയിലും ലോക്‌സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്നമുണ്ടാക്കുന്നതാണെന്ന് ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ. മാണി മുഖ്യമന്ത്രിയെയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും അറിയിച്ചിരുന്നു.
രാജ്യസഭാസീറ്റിൽ ഘടകകക്ഷികൾക്കുവേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന രീതി സി.പി.എം. സാധാരണ സ്വീകരിക്കാറില്ല. 2000-ത്തിൽ ആർ.എസ്.പി.ക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരുമാറ്റമുണ്ടായത്.
മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സി.പി.എമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചത്. ഒരു കാബിനറ്റ് പദവി കേരള കോൺഗ്രസിന് വാഗ്ദാനംചെയ്തുള്ള അനുനയ നീക്കമായിരുന്നു സി.പി.എമ്മിന്റെ ആദ്യ പരിഗണനയിലുണ്ടായിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിക്കുപിന്നാലെ ഒരു കാബിനറ്റ് പദവി സൃഷ്ടിക്കുന്നത് ജനവികാരം എതിരാക്കുമെന്ന ബോധ്യത്തിലാണ് സിപിഎം പിന്നിലേക്ക് പോയതെന്നാണ് വിവരം.
അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയിൽ ഒരുകക്ഷിക്ക് ‘ബ്ലോക്ക്’ ആയി നിൽക്കാനുള്ള പരിഗണന ലഭിക്കൂ. കേരളത്തിലെ രാജ്യസഭാസീറ്റിലൊന്ന് ഉപേക്ഷിച്ചാൽ രാജ്യസഭയിൽ ഈ പരിഗണന സി.പി.എമ്മിന് നഷ്ടമാകും.