ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്. ശരീരത്തിലേറ്റ മുറിവുകളില്‍ ന്യുമോണിയ ബാധയേറ്റാണ് രാജ്കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ന്യുമോണിയക്കു കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നതാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജയില്‍ അധികൃര്‍ മനപ്പൂര്‍വമാണോ വീഴ്ച വരുത്തിയതെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇതിനായി ജയിലിലെ രേഖകള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അസംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അതേസമയം രാജ്കുമാറിന്റെ ബന്ധുക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. എസ്.പിക്കെതിരെ നടപടിയെടുക്കാനും പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാനും ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ നേരിട്ട് പരാതി നല്‍കും. പീരുമേട് സബ് ജയിലിലെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഇന്ന് ശേഖരിക്കും.