അഫ്ഗാന്‍ വനിതകള്‍ക്ക് പഠിക്കാന്‍ അനുമതി; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനം
കാബൂൾ:അഫ്ഗാൻ വനിതകൾക്ക് സർവകലാശാലകളിൽ പഠിക്കാനുള്ള അനുമതി നൽകുമെന്ന് താലിബാൻ. എന്നാൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനമുണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രി അബ്ദുൾ ബാഖി ഹക്കാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തൊണ്ണൂറുകളിൽ അഫ്ഗാൻ പിടിച്ചെടുത്തപ്പോൾ താലിബാൻ അന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.
ശരിയ നിയമമനുസരിച്ച് അഫ്ഗാൻ ജനതക്ക് ഉന്നത വിദ്യാഭ്യാസം തുടരും. എന്നാൽ സ്ത്രീ-പുരുഷന്മാർ ഒരുക്ലാസിൽ ഒന്നിച്ചിരുന്ന് പഠിക്കുന്ന രീതി ഉണ്ടാകില്ലെന്നും മന്ത്രി അബ്ദുൾ ബാഖി ഹക്കാനി അഫ്ഗാനിലെ മുതിർന്ന നേതാക്കളുമായി നടത്തിയ യോഗത്തിൽ അറിയിച്ചു.
ഇസ്ലാമികതയിൽ ഊന്നിയതും മറ്റുരാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് കിടപിടിക്കുന്നതുമായ കരിക്കുലം രൂപീകരിക്കും. പ്രൈമറിതലം മുതൽ ആൺകുട്ടികളെയും പെൺകുട്ടികളേയും വേർതിരിച്ചിരുത്തിയാണ് വിദ്യാഭ്യാസം നൽകുകയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച കാബൂളിൽ ചേർന്ന യോഗത്തിൽ സ്ത്രീകളാരും പങ്കെടുത്തിരുന്നില്ല. സർവകലാശാലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി പുരുഷ വിദ്യാർത്ഥികളേയും അധ്യാപകരേയും മാത്രമാണ് താലിബാൻ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ടിട്ടുള്ളതെന്നും താലിബാന്റെ വാഗ്ദാനങ്ങളും പ്രവർത്തിയും തമ്മിലുള്ള അന്തരമാണ് ഇതുകാണിക്കുന്നതെന്നും അധ്യാപിക വിമർശിച്ചു