കഞ്ചാവ് മാത്രമല്ല മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും; കളമശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ ഞെട്ടിയ്ക്കും

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് വന്‍കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ കടുക്കുമ്പോഴും മുഖ്യപ്രതിയെ സംരക്ഷിക്കുന്നതാണ് വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍. 1.9 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി ആകാശ് നിരപരാധിയാണെന്നാണ് പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടയിലും കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അവസാനിച്ചപ്പോള്‍ രണ്ടുകിലോയോളം കഞ്ചാവാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടിച്ചെടുത്തത്. കേസില്‍ മൂന്നു പേരെ അറസ്റ്റുചെയ്യുകയും ചെയ്തു.

കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെ ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയ കേസിലുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പറയപ്പെടുന്നുണ്ട്. ഇതില്‍ രണ്ടുപേരെ പിന്നീട് തിരിച്ചറിഞ്ഞു. ആദില്‍, അനന്തു എന്നിവരാണിത്. അറസ്റ്റിലായവരും ഓടിരക്ഷപ്പെട്ടവരും മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്.

പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ പെരിയാര്‍ ഹോസ്റ്റലിലെ എഫ് 39 എന്ന മുറിയാണ് അഭിരാജും ആദിത്യനും ഉപയോഗിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പൊളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതിന് പുറമേ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കഞ്ചാവ് വലിക്കാന്‍ നിര്‍മിച്ച ക്രമീകരണങ്ങളും പോലീസ് കണ്ടെത്തി. ഇതിനൊപ്പം ഒരു ത്രാസും കണ്ടെടുത്തിരുന്നു. ക്യാംപസില്‍ ഹോളി ആഘോഷം നടക്കാനിരിക്കെയായിരുന്നു പരിശോധന. ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് വലിയ അളവിലെ കഞ്ചാവെന്നാണ് പോലീസ് പറയുന്നത്.


ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച ഇന്റലിജന്‍സ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നാര്‍കോടിക്‌സ് സെല്‍ എസിപിയുടേയും ഡാന്‍സാഫിന്റേയും കളമശ്ശേരി പോലീസിന്റേയും നേതൃത്വത്തില്‍ പരിശോധന നടത്തിയതെന്നാണ് തൃക്കാക്കര എസിപി പി.വി. ബേബി പറയുന്നത്. രണ്ട് വ്യത്യസ്ത എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഹോളി ആഘോഷം കൊഴുപ്പിക്കാനായി കഞ്ചാവ് ശേഖരിക്കുന്നുവെന്നും പണപ്പിരിവ് നടത്തിയെന്നുമാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിപണനം ചെയ്യുന്നതിനായതിനാലാണ് ഇത്രയും വലിയ അളവില്‍ ലഭിച്ചതെന്നും പി.വി. ബേബി കൂട്ടിച്ചേര്‍ത്തു.

പോലീസ് നടത്തിയ ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പല തവണയായി പുറത്തുവന്നിരുന്നു. പോലീസിന്റെ ഒരുസംഘം ഒരുവശത്തുള്ള കോണി കയറി ടെറസുവഴിയായിരുന്നു ഹോസ്റ്റലിലേക്ക് കയറിയത്. ചെറിയ അളവുകളില്‍ പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തനാണ് ത്രാസ് ഉപയോഗിച്ചത് എന്നാണ് പോലീസ് പറയുന്നത്.


കാംപസില്‍നിന്ന് ലഹരിമരുന്നുകള്‍ പിടിക്കുന്നത് ആദ്യമായല്ലെന്നായിരുന്നു പ്രിന്‍സിപ്പാള്‍ ഡോ. ഐജു തോമസിന്റെ പ്രതികരണം. നേരത്തേയും ചെറിയ അളവില്‍ പലപ്പോഴായി കഞ്ചാവുള്‍പ്പെടെ പിടിച്ചതിനെത്തുടര്‍ന്ന് കാംപസില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ആറുമാസമായി ഇതുമായി ബന്ധപ്പെട്ട കാംപസില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വിദ്യാര്‍ഥി സംഘടനകളും കോളേജ് യൂണിയനും സഹകരിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തിന് രാഷ്ട്രീയമാനവും വന്നു. ഒമ്പതുഗ്രാം പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ആര്‍. അഭിരാജ് യൂണിയന്‍ ഭാരവാഹിയാണ്. അതേസമയം, പൂര്‍വ വിദ്യാര്‍ഥികളാരോ തങ്ങളെ കുടുക്കാനായി മുറിയില്‍ കഞ്ചാവ് കൊണ്ടുവെച്ചതാണെന്നായിരുന്നു അഭിരാജ് പോലീസിന് നല്‍കിയ മൊഴി.

എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനത്തിനായി അലങ്കാരങ്ങളൊരുക്കുന്ന തിരക്കിനിടെ പൂര്‍വവിദ്യാര്‍ഥികളാരോ തങ്ങളുടെ മുറിയില്‍ കഞ്ചാവ് കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് അഭിരാജ് പോലീസിനോട് പറഞ്ഞത്. മൂന്നാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ് അഭിരാജ്.


പ്രതിസ്ഥാനത്ത് എസ്എഫ്‌ഐ നേതാവാണെന്ന വിവരം പുറത്തുവന്നതോടെ, സംഘടനയ്‌ക്കെതിരെ വിമര്‍ശനം വ്യാപകമായി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എന്നിവര്‍ എസ്എഫ്‌ഐക്കെതിരെ രംഗത്തെത്തി. ആരോപണങ്ങളെല്ലാം എസ്എഫ്‌ഐ നിഷേധിച്ചു. മാത്രമല്ല കഞ്ചാവ് പിടിച്ചെടുത്തത് കെഎസ്‌യു പ്രവര്‍ത്തകരുടെ മുറിയില്‍നിന്നാണെന്ന് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ദേവരാജ് പറഞ്ഞു.

പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ആദില്‍ കെഎസ്‌യുവിന് വേണ്ടി ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാളാണെന്ന് എസ്എഫ്ഐ പറയുന്നു. ആകാശിന്റെ റൂംമേറ്റാണ് ആദില്‍. അഭിരാജ് നിരപരാധിയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു. ആദിലും അനന്തവുമാണ് കാംപസിലേക്ക് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആകാശ് പോലീസിന് മൊഴി നല്‍കിയെന്നും എസ്എഫ്ഐ ഏരിയാ പ്രസിഡന്‍റ് ദേവരാജ് അവകാശപ്പെട്ടു. ആദിലും അനന്തവും നാടുവിട്ടുവെന്നും അവരെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും ദേവരാജ് ആരോപിച്ചു. കേസില്‍ തന്നെ കുടുക്കിയതാണെന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിരാജിന്റെ പ്രതികരണം. ആകാശും നിരപരാധിയാണെന്ന് അഭിരാജ് പറഞ്ഞു.

എസ്എഫ്‌ഐ നേതൃത്വത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ആദിലും അനന്തുവും ആകാശ് നിരപരാധിയാണെന്ന അഭിരാജിന്റെ വാദം ആവര്‍ത്തിച്ചു. തങ്ങള്‍ക്കെതിരായി എസ്എഫ്‌ഐ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണെന്ന് ആദില്‍ പറഞ്ഞു. ആകാശ് സുഹൃത്തും റൂംമേറ്റുമാണ്. ആകാശ് കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയല്ല. നാടുവിട്ടുവെന്ന ആരോപണം ശരിയല്ല. തങ്ങള്‍ക്ക് ഓടിപ്പോകേണ്ട കാര്യമില്ല. ആകാശിനെ പെടുത്തിയതാവാമെന്നും ഇരുവരും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News